കെഎസ്ആര്‍ടിസി മാറ്റത്തിന്റെ പാതയിലേയ്ക്ക് റൂട്ട് മാറ്റുന്നു; എംഡി രാജമാണിക്യത്തിന്റെ കീഴില്‍ ലാഭത്തിന്റെ ഗിയറില്‍ സവാരി

കെഎസ്ആര്‍ടിസി രക്ഷപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നു. പുതിയ എംഡി ആയി നിയമിതനായ മുന്‍ കളക്ടര്‍ രാജമാണിക്യത്തിന്റെ കീഴിലാണ് കെഎസ്ആര്‍ടിസി മാറ്റത്തിന്റെ പാതയിലേയ്ക്ക് റൂട്ട് മാറ്റുന്നത്. ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ നിന്നാണ് കടുത്ത നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ലാഭത്തിന്റെ ഗിയറില്‍ ആന വണ്ടി ഓടാന്‍ പോകുന്നത്.

വിഷു, ഈസ്റ്റര്‍ അവധിക്കാലത്തില്‍ യാത്രക്കാര്‍ വര്‍ധിക്കുമെന്നു മനസ്സിലാക്കി ഉദ്യോഗസ്ഥരും ജീവനക്കാരും ആസൂത്രണത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമെത്തി. തിങ്കളാഴ്ച 7,33,77,970 രൂപയുടെ വരുമാനക്കുതിപ്പാണു കോര്‍പറേഷന്‍ നടത്തിയത്. ഈ ദിവസം 5388 ബസുകള്‍ സര്‍വീസ് നടത്തി. അന്നത്തെ ട്രെയിന്‍ ഗതാഗത പ്രശ്‌നങ്ങളും കോര്‍പറേഷനെ സഹായിച്ചു. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് എല്ലാം നടപ്പാക്കാന്‍ രാജമാണിക്യം തന്നെ നേരിട്ട് രംഗത്ത് വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച 5,16,01,237 രൂപയായിരുന്നു കലക്ഷന്‍. അന്നു സര്‍വീസ് നടത്തിയത് 5114 ബസുകള്‍. അവധിക്കാലശേഷമുള്ള ദിവസത്തെ വരുമാനക്കൊയ്ത്തിന് ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തിരുന്നു. അഞ്ചു സോണല്‍ ഓഫിസര്‍മാരും ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ 15 ഡിടിഒമാരുമാണു ഡിപ്പോതല ആസൂത്രണത്തിനു നേതൃത്വം നല്‍കിയത്. മേല്‍നോട്ടത്തിന് രാജമാണിക്യവും. ഇതോടെ എല്ലാം നേര്‍ വഴിയിലായി. ഈ ഏകോപനം തുടര്‍ന്നാല്‍ ഇനിയും കെ എസ് ആര്‍ ടി സിക്ക് മുമ്പോട്ട് പോകാന്‍ കഴിയും.
അങ്ങനെ തിങ്കളാഴ്ചയും കോര്‍പ്പറേഷന് റെക്കാഡടിച്ച ദിവസമായി. അവധിക്ക് ശേഷമുള്ള പ്രവര്‍ത്തിദിനങ്ങളില്‍ കളക്ഷന്‍ ഉയരാറുണ്ടെങ്കിലും ഇത്രയും ഉയര്‍ന്ന തുക ആദ്യമായിട്ടാണ് ലഭിക്കുന്നത്. വിഷുവും ഈസ്റ്ററും ഉള്‍പ്പെടെയുള്ള അവിധിദിനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച ബസുകളില്‍ വന്‍ തിരക്കായിരുന്നു. കൂടുതല്‍ ബസുകള്‍ നിരത്തിലറിക്കിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ ഈ നേട്ടം കൈവരിച്ചത്. പുതിയ 150 ഹൈടെക് ബസുകള്‍ നിരത്തിലിറക്കിയതും നേട്ടമായി. ബസ് ബോഡി മാനദണ്ഡത്തിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയ 150 ബസുകള്‍ കഴിഞ്ഞയാഴ്ചയാണ് നിരത്തിലെത്തിയത്. ഇവയെല്ലാം എക്‌സ്പസുകളായി അന്തര്‍ സംസ്ഥാന പാതകളില്‍ ഓടി.

പുതിയ ബസുകളില്ലാത്തതിനാല്‍ ഏറെക്കാലമായി എക്‌സ്പ്രകള്‍ ഇല്ലായിരുന്നു. വോള്‍വോ, ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ബസുകളിലെല്ലാം തിങ്കളാഴ്ച റിക്കോര്‍ഡ് കളക്ഷനാണുണ്ടായത്. 5047 ഷെഡ്യുളുകളില്‍ 4742 എണ്ണം ഓടിക്കാനും കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞു. അവധി ദിനങ്ങള്‍ മുന്‍കൂട്ടി കണ്ട് ജീവനക്കാരെവിന്യസിക്കുകയും ചെയ്തു. തിങ്കളാഴ്ച പരമാവധി ജീവനക്കാരെ ഹാജരാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ ഒരു ബസും മുടങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡിപ്പോ മേധാവികള്‍ക്ക് ലഭിച്ചിരുന്നു. പരമാവധി 200 ബസുകള്‍വരെ ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങിയിരുന്നു. ഇതൊഴിവാക്കിയതും നേട്ടം റെക്കോര്‍ഡിലെത്താന്‍ കാരണമായി.

കോര്‍പറേഷന്റെ പ്രതിദിന ശരാശരി വരുമാനം 5.55 കോടി രൂപയാണ്. ഈ സാമ്പത്തികവര്‍ഷം പ്രതിദിന വരുമാനം 7.53 കോടി രൂപയാക്കാനാണു ശ്രമം. ഇതിനു വേണ്ടി മേഖലാതലത്തില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗം വിളിക്കാന്‍ രാജമാണിക്യം തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഓപ്പറേഷന്‍ വിഭാഗക്കാര്‍ എത്ര വരുമാനം കണ്ടെത്തണമെന്നു നിശ്ചയിച്ചു നല്‍കും. എല്ലാവരേയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോക്കാണ് രാജമാണിക്യത്തിന്റെ ലക്ഷ്യം.
ബസുകളുടെ അറ്റകുറ്റപ്പണി നിരക്കു കുറയ്ക്കാനും ശ്രമം തുടങ്ങി. ഡിപ്പോകളിലെ ബസുകളില്‍ 5% മാത്രമേ ഒരു സമയം അറ്റകുറ്റപ്പണിക്കു വേണ്ടി മാറ്റാവൂ. ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് 5734, കെയുആര്‍ടിസിക്ക് 670 വീതം ബസുകളാണുള്ളത്. ഇവ പരമാവധി ഉപയോഗിച്ച് പരമാവധി ലാഭമുണ്ടാക്കുകയാണ് രാജമാണിക്യം ലക്ഷ്യമിടുന്നത്. ദിവസം 900 ബസുകള്‍ വര്‍ക്ക്‌ഷോപ്പിലാകുന്ന അവസ്ഥയില്‍ നിന്നും 520540 എന്നായി കുറയ്ക്കാന്‍ കഴിഞ്ഞു. സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമം പരിഹരിച്ചതോടെ അറ്റകുറ്റപ്പണിക്കുവേണ്ടി ബസുകള്‍ വര്‍ക്ക്‌ഷോപ്പില്‍ കിടക്കുന്ന ദിവസം കുറഞ്ഞു. പരമാവധി ബസുകള്‍ നിരത്തിലിറക്കാനാണ് ഡിപ്പോ മേധാവികള്‍ക്ക് എം.ഡി.രാജമാണിക്യം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Top