എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവം; കെഎസ്‌ആര്‍ടിസി ഉന്നതതല യോഗം ഇന്ന്

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവര്മാരേയും പിരിച്ചുവിട്ട സംഭവത്തിൽ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി  കെഎസ്‌ആര്‍ടിസി എംഡി , ഗതാഗത സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. ഈ മാസം 30 നകം 1565 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്തരവ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ ഹർജിയിലാണ് കോടതി വിധി നിർണയിച്ചത്.

ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച്‌ പരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടണമോ, അപ്പീല്‍ നല്‍കണോ എന്നീ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. അടുത്തിടെയാണ് എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു അതും.അന്ന് സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ തന്നെ വേണ്ടി വന്നിരുന്നു. 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.

Top