നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തി കെഎസ്‌യുവിന്റെ പോസ്റ്റര്‍.അടഞ്ഞ അധ്യായം,വിവാദം വേണ്ട.ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ട് പോസ്റ്റര്‍. ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്‌യുവിന്റെ പേരിലാണ് പോസ്റ്റര്‍.അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും ഷുഹൈബ്, കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കമ്മ്യൂണിസ്റ്റ് നരഭോജികളാണ് കൊന്നുതള്ളിയതെന്നും പോസ്റ്ററില്‍ പറയുന്നു.

ലേഖന വിവാദം കോണ്‍ഗ്രസിനെ വെട്ടിലാക്കിയതിനിടെയാണ് സിപിഐഎമ്മിനെതിരായ ഫേസ്ബുക്കിലെ നരഭോജി പരാമര്‍ശം നീക്കി തരൂര്‍ വീണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തരൂരിന്റെ വാക്കുകളെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്‌യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൃപേഷിന്റേയും ഷുഹൈബിന്റേയും ശരത്‌ലാലിന്റേയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്‌യുവിന്റെ കൊടിയും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. കെഎസ് യു തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ഗോപു നെയ്യാറും തരൂരിനെതിരെ സമാന വിമര്‍ശനമുന്നയിച്ചുകൊണ്ട് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.ഐ.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റില്‍ സിപിഐഎം പരാമര്‍ശമേ ഇല്ലായിരുന്നു.

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

അതേസമയം ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന് താൽപര്യമെന്നും കെ സി വേണുഗോപാൽ. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ നിലപാട് മാറ്റും എന്ന് തരൂർ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്ക്ക് എടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും കെ സി വേണുഗോപാൽ അവകാശപ്പെട്ടു.

കേരളത്തിൽ ചെറുകിട സംരംഭങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കണക്കുകളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തരൂരുമായി പാർട്ടി സംസാരിച്ചിട്ടുണ്ട്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഇനി വിവാദം വേണ്ടെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിലെ വ്യാവസായിക രം​ഗത്തെ പുരോ​ഗതിയെക്കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ തരൂർ എഴുതിയ ലേഖനമാണ് വിവാദമായത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. തന്‍റെ നിലപാടിൽ മാറ്റമില്ല. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നാൈയിരുന്നു തരൂരിന്‍റെ മറുപടി.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന പരാമർശവും വിവാദമായി. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നാണ് ശശി തരൂർ പറഞ്ഞത്. എന്നാൽ മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയിൽ കോൺഗ്രസ് ഇന്നലെ വലിയ സംശയം ഉന്നയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂർ വ്യക്തമാക്കി. വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിനോടാണ് എതിർപ്പെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top