ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു..എന്‍ഐഎ തന്നെ ചോദ്യം ചെയ്തതല്ലെന്നും മൊഴി എടുത്തതാണെന്നും മന്ത്രി.പുകമറ സൃഷ്ടിച്ച പല കാര്യങ്ങളിലും വ്യക്തത വന്നു

താന്‍ ചോദ്യം ചെയ്യലിന് ശേഷം സന്തോഷവാനാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. വലിയ ഒരു ഭാരം മനസില്‍ നിന്നും ഇറക്കിവച്ചതു പോലെയുണ്ട്. പുകമറ സൃഷ്ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. മറുപടിയില്‍ എന്‍ഐഎ തൃപ്തരാണെന്നാണ് മനസിലായതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ഫോണില്‍ പ്രതികരിച്ചു.

എന്‍ഐഎ തന്നെ ചോദ്യം ചെയ്തതല്ലെന്നും മൊഴി എടുത്തതാണെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ ദ ഫെഡറലിനെ ഉദ്ധരിച്ച് ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ ഒരു സാക്ഷിയായി മാത്രമാണ് തന്നെ വിളിപ്പിച്ചത്. അവര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ ഇടപാടുകളെ കുറിച്ച് അവര്‍ ചോദിച്ചെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ സൗകര്യത്തിന് അനുസരിച്ചായിരുന്നു സമയം നിശ്ചയിച്ചത്. എന്‍ഐഎ നിയമത്തിലെ 16,17,18 വകുപ്പുകള്‍ പ്രകാരം സാക്ഷിയായി നോട്ടീസ് നല്‍കിയാണ് വിളിപ്പിച്ചത്. കോണ്‍സുലേറ്റ് വഴി ഖുറാന്‍ എത്തിച്ചത് സംബന്ധിച്ചും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി മന്ത്രി പറയുന്നു. അന്വേഷണങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണം തകര്‍ന്നടിയുമെന്നും ജലീല്‍ വ്യക്തമാക്കി.

തനിക്ക് ഒന്നും ഒളിക്കാനില്ല. താന്‍ തെറ്റുകാരനാണെന്ന് ഖുറാനില്‍ തൊട്ട് പറയാന്‍ മുസ്ലീം ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു. താന്‍ ബിജെപി-യുഡിഎഫ് നേതാക്കളെ പോലെയല്ല. ലോകം മുഴുവന്‍ മൂടിവച്ചാലും സത്യം പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി.

തന്റെ വാഹനം ഗസ്റ്റ് ഹൗസില്‍ നിന്ന് എടുത്ത ശേഷം തിരുവനന്തപുരത്തേക്ക് വ്യാഴാവ്ച രാത്രി തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേത്തി വൈകീട്ട് അഞ്ച് മണിക്കാണ് ജലീല്‍ മടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു മന്ത്രി കെടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ഹാജരായത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എഎം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണ് വെട്ടിക്കുന്നതിനാണ് അദ്ദേഹം പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍ ഹാജരായത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇന്ന് എട്ട് മണിക്കൂറോളമാണ് എന്‍ഐഎ ചോദ്യം ചെയ്തത്. എന്‍ഐഎ ഓഫീസിന് മുമ്പില്‍ കടുത്ത പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് വൈകിട്ട് അഞ്ച് മണിയോടെ മന്ത്രി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. മാധ്യമങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് മന്ത്രി കയറി യാത്രയായത്.

Top