ഇരിക്കൂറില്‍ വിജയിച്ചാല്‍ കെടി ജോസ് മന്ത്രിയാകും; മന്ത്രിസ്ഥാനം നല്‍കുമെന്ന് സഭയ്ക്ക് ഉറപ്പുനല്‍കിയതായി സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ഇരിക്കൂരില്‍ മന്ത്രി കെസി ജോസഫിനെതിരെ അട്ടിമറി വിജയം നേടിയാല്‍ കെടി ജോസ് മന്ത്രിയാകും. സിപി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെടി ജോസിന് ആദ്യഘട്ടത്തില്‍ വിജയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കെ സി ജോസഫിനെതിരെ ഉയരുന്ന മണ്ഡലത്തിലെ പ്രതിഷേധം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.മൂന്ന് പതിറ്റാണ്ടിനുമേലെ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ഇരിക്കൂറില്‍ വിജയ സാധ്യത ആദ്യഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇടതുമുന്നണി അണികളെയു ആവേശത്തിലാക്കിയട്ടുണ്ട്.

ഇരിക്കൂരില്‍ വിജയിച്ചാല്‍ കെടി ജോസിനെ മന്ത്രിയാക്കുമെന്ന് സഭയ്ക്കും ജില്ലയിലെ ഇടത് നേതാക്കാള്‍ ഉറപ്പ് നല്‍കിയതായാണ് സൂചന. ക്രിസ്തീയ സഭകള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്നത് വന്‍നേട്ടാമായാണ് സിപിഎമ്മും കരുതുന്നത്. അത് കൊണ്ട് തന്നെ ക്രീസ്തീയ സഭകളുടെ പിന്തുണയും ജോസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരിക്കൂരില്‍ വിജയം നേടിയാല്‍ മന്ത്രിയാകുമെന്ന ഉറപ്പ് ചില കേന്ദ്രങ്ങള്‍ക്ക് നല്‍കിയതോടെ കോണ്‍ഗ്രസിന്റെ കടുത്ത വോട്ട് ബാങ്കുകളിലും വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചേക്കും. പുതിയ തലമുറയിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും കെസി ജോസഫിനെതിരാണെന്നതും മന്ത്രി സ്ഥാനം ലഭിക്കുന്ന ഉറപ്പ് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂനപക്ഷ അംഗമായി മന്ത്രിസഭയില്‍ മലയോര ക്രിസ്ത്യാനിയെ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ മുന്നണിയ്ക്കും ഗുണം ചെയ്യുമെന്നാണ് ഇടതു നേതാക്കളുടെ കണക്കുകൂട്ടല്‍. ആദ്യ ഘട്ട പ്രചാരണം പൂര്‍ത്തിയാക്കുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തുടങ്ങിയിടത്തുതന്നെയാണെന്നതും എല്‍ഡിഎഫിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് മെംബറായിരുന്ന കെടി ജോസ് ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം, എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എന്‍എഫ്‌ഐഡബ്ല്യു ദേശീയ സെക്രട്ടറിയുമായ ആനി രാജ സഹോദരിയാണ്.

Top