ബാംഗലൂരു: കുട്ടുകക്ഷിയാണെങ്കിലും കോണ്‍ഗ്രസുമായി മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാന്‍ ധാരണയില്ലെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
ബിജെപിയുമായി ഇത്തരമൊരു ധാരണയില്‍ മുഖ്യമന്ത്രിയായ കുമാരസ്വാമിക്ക് അന്ന് കൈപൊള്ളിയിരുന്നു. ഇരുപതുമാസത്തിനു ശേഷം കരാര്‍ തെറ്റിയതോടെ ഈ സഖ്യം 2017 ല്‍ പൊളിയുകയും ചെയ്തു.
അതിനാല്‍ സമാനമായ രീതിയില്‍ കോണ്‍ഗ്രസുമായി മുഖ്യമന്ത്രി പദം വെച്ചുമാറാന്‍ ഇല്ലെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കുമാരസ്വാമി പറഞ്ഞത്. കോണ്‍ഗ്രസില്‍നിന്നുള്ള നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയുള്ള ഫോര്‍മുലയാണ് കുമാരസ്വാമി മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രിയാവുക എന്നാണറിയുന്നത്.
എന്നാല്‍ മന്ത്രിസഭാ രൂപീകരണം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. ഭരണഘടനാ തത്വങ്ങളും ജനാധിപത്യവും ഉയര്‍ത്തിപിടിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയാണ് ജെഡി-എസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.