ബാംഗലൂരു: കര്‍ണ്ണാടകയില്‍ അവസാന നിമിഷം ബിജെപി പക്ഷത്തിന് അടിപതറിയതോടെ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍ ആഘോഷങ്ങള്‍ തുടങ്ങി. മറ്റന്നാള്‍ വന്‍ ആഘോഷങ്ങളോടെ സത്യപ്രതിജ്ഞ നടക്കും. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ 30 അംഗ മന്ത്രി സഭയ്ക്കാണ് രൂപം നല്‍കുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ രാജിക്ക് നിര്‍ബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിനും കര്‍ണാടകയില്‍ നടന്ന കുതിരക്കച്ചവടത്തോട് താല്‍പര്യം ഇല്ലായിരുന്നു.
നിയമസഭയില്‍ വികാരാധീനനായി നടത്തിയ പ്രസംഗത്തിനു ശേഷമാണ് യെഡിയൂരപ്പ രാജിപ്രഖ്യാപിച്ചത്. ‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രസിഡന്റായത് 2016ലാണ്. പാര്‍ട്ടി കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ആറര കോടി ജനങ്ങള്‍ പിന്തുണച്ചത് ബിജെപിയെ ആണ്. കോണ്‍ഗ്രസിനും ജനതാദളിനും ജനാധിപത്യത്തില്‍ വിശ്വാസമില്ല.- യെഡിയൂരപ്പ പറഞ്ഞു.