വിപ്പുമായി ജെഡിഎസ്; എംഎല്‍എമാരെ നാടുകടത്താൻ ആലോചന: ഗവർണർ ബിജെപിയെ വിളിക്കും

ബെംഗളൂരു:കര്‍ണാടകത്തിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി നേതാക്കൾ . രാഷ്ട്രീയ നേതൃത്വത്തിന് ഇത് ഉറങ്ങാത്ത രാവാണ് . പെട്ടിയിലായ വോട്ടിനെ വെല്ലുന്ന ആകാംക്ഷയും ഉദ്വേഗവുമായി പെട്ടി പെട്ടിച്ചപ്പോള്‍ എന്ന അവസ്ഥയിലാണ് നേതൃത്വങ്ങള്‍. കരുനീക്കങ്ങളും കുതന്ത്രങ്ങളുമായി ഇരു ക്യാംപുകളും സജീവം. ഭൂരിപക്ഷം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ സജീവമായതോടെ കുതിരക്കച്ചവടം നടന്നേക്കുമോയെന്ന ഉള്‍ഭയവും പാര്‍ട്ടികള്‍ക്കുണ്ട്.
ചില എംഎല്‍എമാര്‍ക്ക് ജെഡിഎസ് വിപ് നല്‍കിയത് ഈ സാഹചര്യത്തിലാണ്.

അതേ സമയം  കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കൾ ഗവർണറെ കണ്ടത്.

കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തനിക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരിയപ്പ ഗവർണർക്ക് കത്ത് നൽകി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താൻ സഭയിൽ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ഗവർണറെ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരിയപ്പ ഗവർണറോട് ഒരാഴ്ച്ചത്തെ സമയം തേടിയതായും സൂചനകളുണ്ട്.

കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ, രാജീവ് ചന്ദ്രശേഖർ, രാജീവ് കരന്തലജെ എന്നിവർക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ഗവർണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് മാധ്യമങ്ങളോടും ആവർത്തിച്ചു.

യെദ്യൂരിയപ്പ ഗവർണറെ കണ്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി. സർക്കാരുണ്ടാക്കാൻ കോൺഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കുമാരസ്വാമി ഒറ്റയ്ക്കാണ് ഗവർണറെ കണ്ടത്. സിദ്ധരാമയ്യയ്യുടെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. നേരത്തെ കർണാടക കോൺഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയ്യ ഗവർണറെ കാണാൻ അനുമതി തേടിയിരുന്നുവെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.

അതിനിടെ ഒന്‍പത് എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന റിപ്പോര്‍ട്ടുകള്‍ ജനതാദൾ പാര്‍ട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റിയേക്കും എന്ന സൂചനകളും പുറത്തുവന്നു. ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കുമെന്നാണ് സൂചനയെങ്കിലും പുതിയ സഖ്യം വ്യക്തമായ ഭൂരിപക്ഷം ബോധിപ്പിച്ചതോടെ അദ്ദേഹവും ‘ത്രശങ്കു’വിലായി. ഗുജറാത്ത് മുന്‍ സ്പീക്കറും ധനമന്ത്രിയുമാണ് ഗവര്‍ണര്‍ വാജുഭായ് വാല എന്നത് നീക്കങ്ങള്‍ക്ക് രാഷ്ടീയമാനം നല്‍കുന്നു.

കേവലഭൂരിപക്ഷത്തിന് ആറുസീറ്റുമാത്രം അകലെയുള്ള ബിജെപിയെ പുറന്തള്ളാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചത്. 37 സീറ്റുമാത്രമുള്ള ജെഡിഎസിന് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസാണ് നിര്‍ണായകനീക്കം നടത്തിയത്. ഇരുപാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 115 സീറ്റുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ 112 സീറ്റുമതി.

ഒരാഴ്ച തേടി ബിജെപി; കുതിരക്കച്ചവടമെന്ന് ആക്ഷേപം
ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്കു തന്നെ ഗവർണർ ക്ഷണം നീട്ടുമെന്നാണ് സൂചന.
കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാക്കൾ തിരക്കിട്ട് ഗവർണറെ കണ്ടത്. തൊട്ടുപിന്നാലെ കോൺഗ്രസ്– ജെഡിഎസ് നേതാക്കളും ഗവർണറെ കണ്ടു. കർണാടകയിൽ കോൺഗ്രസ്– ജെഡിഎസ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിക്കൊപ്പം ഗവർണർ വാജുഭായി വാലയെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കു ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സഖ്യം ചേർന്ന് മന്ത്രിസഭ രൂപീകരിക്കാൻ ജെഡിഎസും കോൺഗ്രസും ചേർന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Latest
Widgets Magazine