നേമത്ത് ബിജെപിക്ക് അനുകൂലമല്ലെന്ന് വിലയിരുത്തൽ.കുമ്മനത്തെ വെട്ടി സുരേഷ് ഗോപിയെ ഇറക്കാൻ സാധ്യത.

തിരുവനന്തപുരം: കഴിഞ്ഞ തവണ ബിജെപി വിജയിച്ച നേമത്ത് കാര്യങ്ങള്‍ ഇക്കുറി അത്ര എളുപ്പമല്ല. ഒ രാജഗോപാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കില്‍ മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷം നിലനിര്‍ത്തിയെന്നത് ബിജെപിക്ക് ആശ്വാസം നല്‍കുന്നുണ്ട്. എങ്കിലും ലീഡ് 8,671 വോട്ടില്‍ നിന്ന് 2,204 വോട്ടായി കുറഞ്ഞത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ നേമത്തു തോല്‍ക്കുന്നത് വന്‍ ശ്രദ്ധ നേടുമെന്നതുകൊണ്ടു കാര്യമായ നോട്ടവും ജാഗ്രതയും പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.

നേമത്ത് കുമ്മനം രാജശേഖരന്‍റെയും, സുരേഷ് ഗോപിയുടേയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കുമ്മനത്തിനാണ് സാധ്യത കൂടുതലെന്നാണ് ബിജെപി നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നത്. മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുമ്മനത്തിനു പാര്‍ട്ടി നിര്‍ദേശം നല്‍കി. നേമം മണ്ഡലത്തില്‍ കുമ്മനം വീട് വാടകയ്‌ക്കെടുക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ സുരേഷ് ഗോപിയുടെ പേരും മണ്ഡലത്തില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ മുന്നേറ്റവും നിലവിലെ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് സുരേഷ് ഗോപിയെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ താരപരിവേഷം വോട്ടായി മാറില്ലെന്ന് വാദിക്കുന്നവരുമുണ്ട് പാര്‍ട്ടിയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2,204 വോട്ടിന്റെ ചെറിയ ഭൂരിപക്ഷം മാത്രമെ ബിജെപിക്ക് ലഭിച്ചിട്ടുള്ളൂവെന്നും സുരേഷ് ഗോപിയെ ഇറക്കിയാല്‍ സിപിഎമ്മിന് അത് നേട്ടമാകുമോ എന്ന സംശയവും അണികള്‍ക്കിടയിലുണ്ട്.

നേമത്ത് സ്ഥാനാര്‍ഥിയാകുമോ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ കുമ്മനം ചിരിച്ചു തോളില്‍ തട്ടി മാറും. ശബരിമലയുടെയും പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെയും ഒക്കെ കാര്യങ്ങള്‍ക്കുള്ള ഓഫിസാണ് നേമത്തെന്നും താമസം ബിജെപി കാര്യാലയത്തിലാണെന്നുമാണു നേമത്ത് വാടക വീടെടുത്തതിനെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം മറുപടി നല്‍കുക.തദ്ദേശതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതത്തില്‍ മുന്നിലെത്തിയ നേമം ബിജെപി നേതാക്കളെല്ലാം മോഹിക്കുന്ന സീറ്റാണ്. എന്നാല്‍ ആര്‍എസ്എസിന്‍റെ ശക്തമായ പിന്തുണയുടെ ബലത്തില്‍ ഇവിടെ കുമ്മനം സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് അണികള്‍ പറയുന്നത്.

​2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഒ രാജഗോപാല്‍ നേമത്ത് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും കുമ്മനം നിന്നാല്‍ വിജയം ഉറപ്പാണെന്നുമാണ് പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

2016ല്‍ എല്‍ഡിഎഫിന് വേണ്ടി എംഎല്‍എയായിരുന്ന വി ശിവന്‍കുട്ടിയും യുഡിഎഫിന് വേണ്ടി എല്‍ജെഡിയിലെ സുരേന്ദ്രന്‍പിള്ളയുമാണ് മത്സര രംഗത്തിറങ്ങിയത്. 8671 വോട്ടുകള്‍ക്കാണ് ഒ രാജഗോപാല്‍ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 13860 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. എല്‍ജെഡി യുഡിഎഫിലേക്ക് വന്നതോടെ 2011ലും 2016ലും അവര്‍ തന്നെയാണ് നേമത്ത് മത്സരിച്ചത്. 2011ല്‍ 20,248 വോട്ടും 2016ല്‍ 13860 വോട്ടും മാത്രമാണ് യുഡിഎഫിന് നേടാനായത്. എല്‍ജെഡി യുഡിഎഫ് വിട്ടതോടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ഈ മണ്ഡലത്തില്‍ മത്സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ഇവിടെ മത്സരിക്കാനാണ് സാധ്യത. മറ്റൊരു പേരും നിലവില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നില്ല. മണ്ഡലം കേന്ദ്രീകരിച്ചാണ് വിജയന്‍ തോമസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Top