നേമത്ത് മുരളീധരൻ ബലിയാടാകും.കോൺഗ്രസ് വോട്ടുകൾ പെട്ടിയിൽ വീഴില്ല.മുരളിയെ തോൽപ്പിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം : ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് നേമം. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കേരള രാഷ്ട്രീയത്തിൻറെ ശ്രദ്ധാകേന്ദ്രമായി നേമം മാറിക്കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. എന്നാൽ ഇടത് വലത് മുന്നണികളെ താരതമ്യം ചെയ്യുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ പോരാടിയപ്പോള്‍ യു.ഡി.എഫ് കാഴ്ചക്കാരായി എന്നതാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്

ബിജെപിക്ക് കേരളത്തിൽ ആദ്യമായി വിജയിക്കാന്‍ സാധിച്ച നിയമസഭാ നിയോജകമണ്ഡലം എന്ന പ്രത്യേകതയും നേമത്തിനുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്നും വിജയിച്ചത്.തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നേമം നിയമസഭാ നിയോജക മണ്ഡലം. മുൻ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ അടക്കമുള്ളവര്‍ നേമത്തു നിന്നും വിജയിച്ചതാണ്.

പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. അതുതന്നെയാണ് നേമത്തെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. നേമം പിടിച്ചെടുക്കാന്‍ യു.ഡി.എഫിന് വേണ്ടി കെ മുരളീധരന്‍ പറന്നിറങ്ങി. ബി.ജെ.പിയുടെ ഏക സീറ്റ് നിലനിർത്താന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാൻ വി ശിവന്‍കുട്ടിയുമുണ്ട്. നേമം ബി.ജെ.പി പിടിച്ച ശേഷം ഒരു പൊതു തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമായിരുന്നു അന്ന് നടന്നത്. പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോൾ ഏറെക്കുറെ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണ് നേമത്ത് ഉരുത്തുരിയിരുന്നത്.

എന്നാൽ 2016 ലെയും 2011 ലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകൾ വ്യത്യസ്തമാണ്.

2016 -BJP – 67,813- CPM – 59,142 ,Cong – 13,860 ,
2011- CPM – 50,076, BJP – 43,661 ,Cong – 20,248

ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ പോരാടിയപ്പോള്‍ യു.ഡി.എഫ് കാഴ്ചക്കാരായി എന്നതാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ജെ.ഡി.യു എന്ന ഘടകക്ഷിയുടെ സ്ഥാനാർഥിത്വം മുതല്‍ മണ്ഡലത്തിലെ സംഘടനാ ദൗർബല്യം ഉള്‍പ്പെടെ പലതും കോണ്‍ഗ്രസിന്‍റെ പിന്നോട്ടുപോക്കിന് കാരണമാണ്. ഇതിൽനിന്ന് വ്യത്യസ്തമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍. കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ച 2014 ലെയും 2019 ലെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ വോട്ട് വിഭജനം ഇങ്ങനെയാണ്.

2019-BJP – 58,513 ,Cong – 46,472 ,CPM – 33,921 ,
2014 -BJP – 50,685 42% ,Cong – 32,63927% ,CPM – 31,643 26 %

2016ൽ പുറത്തുവന്ന കണക്ക് പ്രകാരം 1,92,459 വോട്ടര്‍മാരാണുള്ളത്. സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി വിജയിച്ച മണ്ഡലത്തിൽ ബിജെപിയും ശക്തമായ സാന്നിധ്യമാണ്.

നേമം നിയോജകമണ്ഡലം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

1957ൽ നിലവിൽ വന്ന മണ്ഡലത്തിൽ സിപിഎമമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ വേരോട്ടമാണുള്ളത്. സിപിഐയുടെ സ്ഥാനാര്‍ത്ഥിയായ എ. സദാശിവനാണ് ആദ്യം ഇവിടെ നിന്നും വിജയിച്ചത്. പിന്നീട്, നിരവധി സിപിഎം, കോണ്‍ഗ്രസ് നേതാക്കളും വിജയിച്ചിട്ടുണ്ട്. 2016ൽ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാൽ 67,813 വോട്ടുകളോടെയാണ് ജയിച്ചത്.

മുൻ എംഎൽഎ കൂടിയായ എൽഡിഎഫിന്റെ വി. ശിവൻകുട്ടിയെ ആണ് രാജഗോപാൽ തോൽപ്പിച്ചത്. ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ വി. സുരേന്ദ്രൻ പിള്ളയാണ് മറ്റൊരു എതിരാളി 13,860 വോട്ടുകളാണ് ലഭിച്ചത്.

1982ല്‍ മുൻമുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. അതിനുശേഷം മൂന്ന് തവണ സിപിഎമ്മിനുവേണ്ടി വി.ജെ. തങ്കപ്പനും ഒരു തവണ വെങ്ങാനൂര്‍ പി ഭാസ്‌ക്കരനും മണ്ഡലം നിലനിര്‍ത്തി. 2001ൽ നടന്ന തെരഞ്ഞടുപ്പില്‍ എന്‍ ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കുകയായിരുന്നു. പിന്നീട് 2006ലും ശക്തൻ തന്നെ വിജയിച്ചു.

പിന്നീട്, 2011ല്‍ വീണ്ടും സിപിഎമ്മിനുവേണ്ടി വി. ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6415 വോട്ടുകള്‍ക്കായിരുന്നു വി ശിവന്‍കുട്ടി വിജയിച്ചത്. ബിജെപി 43,661 വോട്ടുകളും ജനതാദള്‍ യു 20,248 വോട്ടുകളുമാണ് നേടിയത്. മണ്ഡലത്തിലെ 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പതിനൊന്ന് എണ്ണത്തില്‍ ബിജെപിയാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.

ബി.ജെ.പിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിച്ചപ്പോള്‍ കേഡർ വോട്ട് മാത്രം നേടി എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. 2014 ല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില് 18,046 വോട്ടിന്‍റെ വ്യത്യാസമുണ്ടായിരുന്നു. 2019 ആയപ്പോള്‍ ബി.ജെ.പിയും കോണ്‍‌ഗ്രസും തമ്മിലെ വ്യത്യാസം 12,041 ആയി കുറഞ്ഞു.

ബി.ജെ.പിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കുന്ന മതേതര സ്ഥാനാർഥിയിലേക്ക് ന്യൂനപക്ഷങ്ങളുടേതടക്കം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ മാറുന്നതായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മനസിലാക്കാന്‍ കഴിയും. ഇത്തവണയും ഇതില്‍ മാറ്റമുണ്ടാകില്ല. കെ മുരളീധരന്‍ നല്ല പ്രകടനം കാഴ്ച വെച്ചാല്‍ മുരളിയിലേക്കും ശിവന്‍കുട്ടി നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ മാറും.

കെ മുരളീധരിനിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസ് തയാറാടെക്കുമ്പോള്‍ പരിഗണിക്കേണ്ടത് ലോക്സഭാ കണക്കുകളാണെന്ന് പറയേണ്ടിവരും. അങ്ങനെനോക്കുമ്പോള്‍ 12000 മുതല്‍ 18000 വരെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലെ വോട്ടു വ്യത്യാസം. അതായത് ബി.ജെ.പിക്ക് ലഭിച്ചതില്‍ നിന്ന് 6000 മുതല്‍ 9000 വരെ വോട്ട് ആകർഷിക്കാന്‍ മുരളീധരനായാല്‍ നേമത്ത് മുരളിക്ക് വിജയിക്കാനാകുമെന്ന് ചുരുക്കം.

2016 ല്‍ ഒ രാജഗോപാലിന് ലഭിച്ചത് ബി.ജെ.പി അനുകൂല വോട്ട് മാത്രമല്ല. ഏറെക്കാലമായി മത്സരിച്ച് ഒ രാജഗോപാലിനോട് തോന്നിയ സഹതാപമായി ലഭിച്ച വോട്ടുകളുമുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടിയ കെ മുരളീധരന് ബി ജെ പിക്ക് ലഭിച്ച തീവ്രസ്വഭാമല്ലാത്ത ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഹിന്ദു വോട്ട് ബാങ്കില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് സ്വാധീനിക്കാന്‍ ശബരിമല സ്ത്രീപ്രവേശനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനോ വി ശിവന്‍കുട്ടിക്കോ കഴിയണമെന്നില്ല. മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ മതേതര ക്യാമ്പില്‍ നേരിയ മുന്‍തൂക്കം മുരളീധരന് നേമത്തുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല

ബൂത്ത് കമ്മിറ്റികള്‍പോലുമില്ലാതിരുന്ന നേമത്തെ സംഘടനാ ശേഷിയാകും മുരളിക്ക് വെല്ലുവിളിയാവുക. പ്രചരണത്തിലൂടെ സ്വാധീനിക്കുന്ന വോട്ട് പോളിങ് ബൂത്തിലെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പ്രവർത്തിച്ചില്ലെങ്കില്‍ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിയും. നേമത്തെ 22 കോർപറേഷന്‍ വാർഡുകളില്‍ 14 ഉം ബി ജെ പിക്കാണ്. ബാക്കിയുള്ള 8 എണ്ണം എല്‍ ഡി എഫിനും. ഒരു വാർഡുപോലും കോണ്‍ഗ്രസിനില്ല എന്നത് കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗർബല്യം വ്യക്തമാക്കുന്നതാണ്. മുരളി-ശിവന്‍കുട്ടി മത്സരത്തില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യം കൂടി ഉണ്ടായാലും ബി ജെ പി ക്കാകും ഗുണം ലഭിക്കുക.

Top