സ്വന്തം ബൂത്തിൽ ഒരിക്കലും ഞാൻ പിറകിൽ പോയിട്ടില്ല;ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് കെ.മുരളീധരൻ.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ തന്നെ യുഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു. ഇത് പരാമര്‍ശിക്കാതെയാണ് മുരളീധരന്‍റെ ഒളിയമ്പ്.ചെങ്ങന്നൂരിൽ ചെന്നിത്തലയുടെ മണ്ഡലമായിട്ടുപോലും യുഡിഎഫ് വളരെ പിന്നിൽ പോയതിലാണ് പരിഹാസം

ഇത്രയും മോശം ഭരണം നടത്തുന്ന സർക്കാറായിട്ടും അത് വോട്ടാക്കി മാറ്റാനായില്ല. പാർട്ടി പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വേണം. ബൂത്ത് തലത്തിൽ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റികൾ ഉണ്ടാക്കണം. മുകൾ തട്ടിൽ മാത്രം മാറ്റം ഉണ്ടായാൽ പോര. ന്യൂനപക്ഷങ്ങളുടെ വോട്ട് പൂർണമായി നഷ്ടപ്പെട്ടു. എന്നെ പോലുള്ളവരെ പോലും രണ്ടാം തരം പൗരൻമാരായാണ് പാർട്ടി നേതൃത്വം കാണുന്നത്.

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചകൾ ഉണ്ടായി. സമുദായം നോക്കി പാർട്ടി അധ്യക്ഷനെ നിയമിച്ചത് കൊണ്ട് സമുദായത്തിന്റെ വോട്ട് കിട്ടണമെന്നില്ല. കോടിയേരിയുടെ വർഗീയ പ്രസ്താവനക്ക് മറുപടി കൊടുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ഏതായാലും ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടുമില്ല. ഒരു സ്ഥാനത്തേക്കും എന്നെ പരിഗണിക്കണ്ടതില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.

കോണ്‍ഗ്രസിൽ തനിക്ക് യാതോരു പദവിയും വേണ്ട, ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്‍റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിലും ചെങ്ങന്നൂർ ആവർത്തിക്കും. സംസ്ഥാന നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും മുരളീധരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ മുരളീധരൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

Latest
Widgets Magazine