ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവറണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിട്ടുണ്ട്.പ്രൊഫ.ഗണേഷി ലാലിനെ ഒഡീഷ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്.
കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ സര്‍പ്രൈസാണ്. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത് കുമ്മനം കേരള രാഷ്ട്രീയം വിടുന്നതോടെ പുതിയ ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലാവും ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് വ്യക്തമായി.
ഈ മാസം 28-ന് കാലവധി പൂര്‍ത്തിയാക്കുന്ന നിലവിലെ ഗവര്‍ണര്‍ ലെഫ്.ജനറല്‍ നിര്‍ഭയ് ശര്‍മയ്ക്ക് പകരക്കാരനായാവും കുമ്മനം ചുമതലയേല്‍ക്കുക. കോണ്‍ഗ്രസ് നേതാവും മലയാളിയുമായ വക്കം പുരുഷോത്തമനും നേരത്തെ മിസോറാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ കുമ്മനത്തിന്റെ നേതൃത്വത്തിലാണ് ബിജെപി നേരിട്ടതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല എന്നൊരു വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായും വി.മുരളീധരന്‍,സുരേഷ് ഗോപി എന്നിവര്‍ രാജ്യസഭാ എംപിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കുമ്മനത്തെ കൂടി ഉന്നത പദവിയിലേക്ക് കൊണ്ടുവരിക വഴി കേരളഘടകത്തെ അവഗണിക്കുന്നുവെന്ന പരാതിക്ക് കൂടിയാണ് കേന്ദ്രനേതൃത്വം പരിഹാരം കാണുന്നത്.