കുമ്മനത്തിന് രാജഗോപാലിന്റെ പ്രഭാവമില്ല..!! ശശി തരൂരിനെ പൂട്ടാന്‍ ഇംഗ്ലീഷില്‍ പിടിച്ച് എതിര്‍ സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റുകളില്‍ ഒന്നാണ് തിരുവനന്തപുരം. എന്നാല്‍ രാജഗോപാലിന്റെ വ്യക്തി പ്രഭാവത്തിലൂടെ നേടി വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനം രാജശേഖരന് കഴിയുമോ എന്ന ആശങ്ക അണികളിലും പടരുകയാണ്. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാകാത്തത് അണികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ ശശി തരൂര്‍ കഴിഞ്ഞ രണ്ട് തവണ വിജയിച്ച മണ്ഡലം പിടിക്കാനുള്ള തീവ്രശ്രമം നടത്തുകയാണ് ബിജെപി. സിപിഐയും ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കുന്നു. പരസ്പരം പഴിചാരാനായി കിട്ടിയ അവസരമെല്ലാം ഉപയോഗിക്കുയാണ് ഇരു പക്ഷവും. ഏറ്റവും ഒടുവില്‍ ശശി തരൂര്‍ പ്രചരണത്തിനിടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു നടത്തിയ ഒരു ഇംഗ്ലീഷ് വാക്കിന്റെ പേരിലാണ് പ്രചരണം നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി തരൂര്‍ ശക്തമായി ഇപ്പോള്‍ രംഗത്തുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ദിവസം മുമ്പ് പാളയം മാര്‍ക്കറ്റില്‍ വോട്ട് അഭ്യര്‍ത്ഥിച്ചശേഷം തരൂര്‍ ട്വീറ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. ‘പൂര്‍ണ വെജിറ്റേറിയനായ എനിക്കുപോലും മത്സ്യ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ ലഭിച്ച സ്വീകരണം ഉത്സാഹപൂര്‍ണമായി തോന്നി’ എന്നായിരുന്നു ട്വീറ്റ്. മത്സ്യ വില്‍പനക്കാരികള്‍ക്കൊപ്പം നില്‍ക്കുന്ന പടമായിരുന്നു ഒപ്പം. ട്വീറ്റില്‍ തരൂര്‍ ഉപയോഗിച്ച ‘സ്‌ക്വീമിഷ്‌ലി വെജിറ്റേറിയന്‍’ എന്ന വാക്കില്‍ പിടിച്ചായിരുന്നു വിവാദം. ശുദ്ധ വെജിറ്റേറിയനായ തന്നോടും മത്സ്യത്തൊഴിലാളികള്‍ ഹൃദ്യമായി പെരുമാറുന്നത് ഭാഗ്യമാണ് എന്നാണ് ട്വീറ്റിന്റെ അര്‍ഥമെന്ന് തരൂര്‍ വിദശീകരിച്ചെങ്കിലും മറുപക്ഷം ചെവിക്കൊണ്ടില്ല.

മത്സ്യമാര്‍ക്കറ്റിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ട്വീറ്റ് എതിര്‍പക്ഷം വിവാദമാക്കിയതോടെ കടപ്പുറത്തു നേരിട്ടെത്തി തിരഞ്ഞെടുപ്പിനു കെട്ടിവയ്ക്കാനുള്ള പണം മത്സ്യത്തൊഴിലാളികളില്‍ ന0ന്നു സ്വീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മറുപടി നല്‍കിയത്. താന്‍ ഒരിക്കലും മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘സ്‌ക്വീമിഷ്‌ലി’ എന്ന വാക്കിന് മനംപുരട്ടല്‍ ഉണ്ടാക്കുന്ന, ഓക്കാനമുണ്ടാക്കുന്ന എന്നൊക്കെയാണ് അര്‍ഥമെന്നു വ്യാഖ്യാനിച്ച് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഡിക്ഷണറിയിലെ സ്‌ക്രീന്‍ ഷോട്ടുകളും വ്യാപകമായി പ്രചരിച്ചു. സി ദിവാകരനും കുമ്മനം രാജശേഖരനും മത്സ്യക്കടകളില്‍ വോട്ടു ചോദിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ മത്സ്യത്തിനു ചുറ്റുമായി തലസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍. തരൂരിന്റെ ട്വീറ്റിനെക്കുറിച്ച് ജനങ്ങള്‍ പ്രതികരിക്കട്ടെ എന്നായിരുന്നു സി ദിവാകരന്റെ പ്രതികരണം. ഇന്നലെ രാവിലെ പാളയത്ത് തരൂരിനെതിരെ പ്രതിഷേധവും അവര്‍ സംഘടിപ്പിച്ചു.

തന്റെ ട്വീറ്റിലെ വാക്കിന്റെ അര്‍ഥം വളച്ചൊടിച്ച് എതിരാളികള്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആവര്‍ത്തിച്ച് ഇന്നലെ ഉച്ചയോടെ ശശി തരൂര്‍ മാധ്യമങ്ങളെ കണ്ടു. വൈകിട്ട് പുതിയതുറയിലെത്തി മത്സ്യത്തൊഴിലാളി സ്ത്രീകളില്‍ നിന്നു കെട്ടിവയ്ക്കാനുള്ള പണം സ്വീകരിച്ചു. ഇതിനിടെ, ഈ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും തിരയപ്പെട്ട വാക്കുകളിലൊന്നായും ‘squeamishly’ മാറുകയും ചെയത്.

മത്സ്യത്തൊഴിലാളികളുമായി തനിക്ക് ഹൃദയബന്ധമാണുള്ളത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ അഞ്ചുതവണ ലോക്‌സഭയില്‍ വിഷയം സംസാരിച്ചു. അവരുടെ സേവനം പരിഗണിച്ച് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത ഏക എംപി. താനാണെന്നും തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ തരൂര്‍ പറഞ്ഞു. കുടുംബത്തില്‍ താനൊഴികെ എല്ലാവരും മീന്‍ കഴിക്കുന്നവരാണ്. ഇംഗ്ലീഷാണ് കൂടുതല്‍ വഴങ്ങുന്ന ഭാഷ. ട്വീറ്റ് ചെയ്യാന്‍ കൂടുതല്‍ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്. അല്ലാത്തപ്പോള്‍ ഹിന്ദിയും. മത്സ്യത്തൊഴിലാളികളെ വെച്ച് രാഷ്ട്രീയം കളിക്കാനില്ലെന്നും തരൂര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരം അടക്കം നാല് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ മുന്നിട്ടു നിന്നപ്പോഴും തീരദേശ മേഖലയാണ് തരൂരിന് തുണയായി മാറിയത്. കോവളത്തും നെയ്യാറ്റിന്‍കരിയിലും പാറശ്ശാലയിലും തരൂര്‍ മുന്നില്‍ നിന്നു. ഇത്തവണ തീരദേശ മേഖലയില്‍ നിന്നും തരൂര്‍ കൂടുതല്‍ വോട്ടുനേടുന്നത് ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിക്കും സിപിഐക്കും വിജയം അസാധ്യമാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടു തന്നെയാണ് ‘സ്‌ക്വീമിഷ്‌ലി’ എന്ന വാക്കിനെയും രാഷ്ട്രീയ പ്രചരണ ആയുധമാക്കി എതിരാളികള്‍ മാറ്റിയത്.

Top