കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറും; മുനീറും കോഴിക്കോട് നിന്ന് മാറിയേക്കും; മന്ത്രി അബ്ദുള്‍റബ്ബിന് സീറ്റില്ല; തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കും

കോഴിക്കോട് : സ്ഥാനാര്‍ത്ഥിനിര്‍ണ്ണയില്‍ മുസ്ലീം ലീഗ് എല്ലാവരെക്കാളും മുന്നില്‍ കടമ്പ പൂര്‍ത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറായെന്നാണ് പുറത്ത് വരുന്ന വിവരം. ഇതനുസരിച്ച്

മന്ത്രി എം.കെ. മുനീര്‍ കോഴിക്കോട് സൗത്തില്‍നിന്നു വീണ്ടും ജനവിധി തേടും.
ഐ.എന്‍.എല്‍. വിട്ടു ലീഗിലെത്തിയ മുന്‍സാമാജികന്‍ പി.എം.എ. സലാം കാസര്‍ഗോഡ് മത്സരിക്കാന്‍ സാധ്യത. ഐ.എന്‍.എല്ലില്‍നിന്നുതന്നെ ലീഗിലെത്തിയ എന്‍.എ. നെല്ലിക്കുന്നാണു നിലവില്‍ കാസര്‍ഗോഡിനെ പ്രതിനിധീകരിക്കുന്നത്. മന്ത്രി പി.കെ. അബ്ദുറബ്ബിന് ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് സൂചന.
24 സീറ്റിലാണു ലിഗ് കഴിഞ്ഞ തവണ ജനവിധി തേടിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസമ്മതി മാത്രമാകും മാനദണ്ഡം. മുന്നീര്‍ കോഴിക്കോട് നിന്നും ചിലപ്പോള്‍ മലപ്പുറത്തെ ഉറപ്പുള്ള സീറ്റിലേക്ക് മാറാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടണമെന്ന അഭിപ്രായമാണ് ലീഗിനുള്ളിള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവമ്പാടി സീറ്റ് ഒരുകാരണവശാലും കോണ്‍ഗ്രസിനു വിട്ടുനല്‍കില്ല. അവിടെ നിലവിലെ എം.എല്‍.എ: സി. മോയിന്‍കുട്ടിക്ക് ഇത്തവണ സീറ്റുണ്ടാകില്ല. പകരം കൊടുവള്ളി എം.എല്‍.എ: വി.എം. ഉമ്മര്‍ ജനവിധി തേടാനാണു സാധ്യത. കൊടുവള്ളിയില്‍ എം.എ. റസാഖിനു നറുക്കുവീണേക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന നാദാപുരവും ലീഗിന്റെ കുറ്റ്യാടിയും വച്ചുമാറാന്‍ ആലോചനയുണ്ട്.

നാദാപുരം കിട്ടിയാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, മുന്‍പത്രപ്രവര്‍ത്തകന്‍ സി.വി.എം. വാണിമേല്‍ എന്നിവരില്‍ ഒരാളെ മത്സരിപ്പിക്കും. വച്ചുമാറല്‍ നടന്നില്ലെങ്കില്‍ കുറ്റ്യാടിയില്‍ പാറയ്ക്കല്‍ അബ്ദുള്ള സ്ഥാനാര്‍ഥിയായേക്കും. കുന്ദമംഗലത്തു പി.കെ. ഫിറോസിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
പി.എം. സാദിഖലി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സൈനുലാബ്ദീന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, ഡി.വൈ.എഫ്.ഐ. വിട്ടുവന്ന ശ്യാംസുന്ദര്‍, സി.കെ. സുബൈര്‍ എന്നിവര്‍ സാധ്യതാപട്ടികയില്‍ മുന്നിലാണ്. എം.എല്‍.എമാരില്‍ അബ്ദുസമദ് സമദാനി (കോട്ടയ്ക്കല്‍), ടി.എ.അഹമ്മദ് കബീര്‍(മങ്കട), കെ.എന്‍.എ. ഖാദര്‍(വള്ളിക്കുന്ന്), കെ. മുഹമ്മദുണ്ണി ഹാജി(കൊണ്ടോട്ടി), എം. ഉമ്മര്‍(മഞ്ചേരി) എന്നിവര്‍ക്കും സീറ്റുണ്ടാകില്ലെന്നാണു സൂചന.
കെ.എം. ഷാജി (അഴീക്കോട്), സി. മമ്മൂട്ടി(തിരൂര്‍), അബ്ദുറഹ്മാന്‍ രണ്ടത്താണി(താനൂര്‍), പി.കെ. ബഷീര്‍ (ഏറനാട്), പി. ഉബൈദുള്ള(മലപ്പുറം), വി.കെ. ഇബ്രാഹിംകുഞ്ഞ്(കളമശ്ശേരി), എന്‍. ഷംസുദ്ദീന്‍(മണ്ണാര്‍ക്കാട്) എന്നിവര്‍ വീണ്ടും ജനവിധി തേടിയേക്കും.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്നു മലപ്പുറത്തേക്കു മാറിയേക്കും. അങ്ങനെയെങ്കില്‍ വേങ്ങരയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കും. വള്ളിക്കുന്നില്‍ എം.സി. മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, സി.കെ. സുബൈര്‍ എന്നിവരിലൊരാള്‍ക്കു സാധ്യത. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു മായിന്‍ഹാജി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സൈനുലാബ്ദീന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, പി.അബ്ദുള്‍ ഹമീദ് എന്നിവരെയാണു മഞ്ചേരിയില്‍ പരിഗണിക്കുന്നത്. തിരൂരില്‍ സി. മമ്മൂട്ടിക്കു പുറമേ മുതിര്‍ന്നനേതാവ് യൂസഫ് ഗുരിക്കളും പരിഗണനയിലുണ്ട്.

Top