കോഴിക്കോട്: കുറ്റ്യാടിയില്‍ പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി. ഏരിയാ കമ്മിറ്റിയിലും അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്.കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെയും പുറത്താക്കി. പരസ്യപ്രതിഷേധം, വോട്ടുചോര്‍ച്ച തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം തിരുത്താന്‍ തെരുവിലിറങ്ങിയ നേതാക്കള്‍ക്കെതിരെ സിപിഎം നടപടി തുടരുകയാണ്. കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ തരംതാഴ്ത്തിയതിന് പിന്നാലെ പരസ്യപ്രകടനത്തിന് നേതൃത്വം നല്‍കിയ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ്ഹോക് കമ്മിറ്റി രൂപീകരിക്കും. കുറ്റ്യാടി സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു.
ആദ്യത്തെ പ്രകടനം സ്വാഭാവിക പ്രതികരണമെന്ന് വിലയിരുത്തിയാലും രണ്ടാമത്തേതിനെ അങ്ങനെ കാണാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. പ്രകടനത്തിന് ആളെക്കൂട്ടാന്‍ വീടുകയറിയുള്ള ക്യാമ്പയിന്‍ നടന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുയായികള്‍ക്കും പുറമേ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പ്രാദേശിക നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പ്രകടനത്തില്‍ ജില്ലാ സെക്രട്ടറിക്കും മുന്‍ എംഎല്‍എയ്ക്കും എതിരെ ഉയര്‍ന്ന മുദ്രാവാക്യങ്ങളും നേതൃത്വം ഗൗരവമായി കാണുന്നു. തെരഞ്ഞെടുപ്പ് റിവ്യൂവിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിലും മാതൃകാപരമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാകമ്മിറ്റി അംഗം പി സി ഷൈജുവാണ് പുതുതായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി കൺവീനർ.
കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ട്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് എന്നിവരെയാണ് ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഏറ്റവുമധികം ശബ്ദമുയർത്തിയത് മോഹൻദാസ് ഉൾപ്പെടെയുള്ളവരായിരുന്നു.
കുറ്റ്യാടി ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം വഞ്ചനാപരമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. അന്ന് യോഗശേഷം പാർട്ടി പ്രവർത്തകർ എളമരം കരീമിനെ തടഞ്ഞുവെച്ച് പ്രതിഷേധം അറിയിക്കുന്നതു വരെയെത്തി കാര്യങ്ങൾ. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ആട്ടിമറിക്കാൻ ഈ നേതാക്കൾ പ്രവർത്തിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് റിവ്യൂവിനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ഇവർക്കെതിരെ വിമർശനം ഉയർന്നിരുന്നു.
പരസ്യപ്രതിഷേധത്തിന് പുറമേ വോട്ട് ചോര്‍ച്ചയെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രകടനം നടത്തിയവര്‍ തന്നെ കെ പി കുഞ്ഞമ്മദ് കുട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പ്രധാനമായ ആരോപണം. മറ്റു പഞ്ചായത്തുകളില്‍ മെച്ചപ്പെട്ട ലീഡ് ലഭിച്ചപ്പോള്‍ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പഞ്ചായത്തായ കുറ്റ്യാടിയില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നും കുഞ്ഞമ്മദ് കുട്ടിയെ പരാജയപ്പെടുത്തി ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടെ തലയിലിടാനുള്ള ശ്രമം നടന്നെന്നും ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. 42 വോട്ടുകളുടെ ലീഡ് മാത്രമാണ് കുറ്റ്യാടി പഞ്ചായത്തില്‍ കുഞ്ഞമ്മദ് കുട്ടിക്ക് ലഭിച്ചത്.
സിപിഎം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ തിരക്കുപിടിച്ചെടുത്ത നടപടിയില്‍ അതൃപ്തി പുകയുന്നുണ്ട്. അന്വേഷണ കമ്മീഷനെ വെക്കാതെയുള്ള നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ആരോപണം. കീഴ്ഘടകങ്ങളില്‍ നടപടി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന.