വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി റെമിറ്റന്‍സ് നികുതി ഏര്‍പ്പെടുത്തുന്ന് സമ്പദ്ഘടനയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ധനമന്ത്രി സാലിഹിനയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
വിദേശികള്‍ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് സെന്‍ട്രല്‍ ബാങ്കിനു യോജിപ്പില്ലെന്നും നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ബാങ്ക് പ്രത്യേക പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ ഡോ മുഹമ്മദ് അല്‍ ഹാഷെല്‍ വ്യക്തമാക്കി. റെമിറ്റന്‍സ് ടാക്‌സ് സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉളവാക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
നികുതി നിര്‍ദേശം നടപ്പാക്കിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാടുകള്‍ വര്‍ധിക്കുകയും ഇത് സമ്പദ്ഘടനയ്ക്ക് അമിതഭാരം സൃഷ്ടിക്കുകയും ചെയ്യും. അനധികൃത ഹവാല ഇടപാടുകള്‍ വര്‍ദ്ധിക്കുന്നത് കറന്‍സി നിരക്കുകള്‍ ക്രമരഹിതമാകുകയും സാമ്പത്തിക വിപണിയില്‍ അസ്ഥിരത ഉണ്ടാകുകയും ചെയ്യും. ഇതോടൊപ്പം ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുക വഴി വിലക്കയറ്റത്തിനും കാരണമാകും. ഫലത്തില്‍ നികുതി ഭാരം പരോക്ഷമായി സ്വദേശികള്‍ കൂടി അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടും.
നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ വിദേശികള്‍ കറന്‍സി രൂപത്തില്‍ പണം അതിര്‍ത്തികടത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ നികുതി അടക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം അന്താരാഷ്ട്ര തലത്തില്‍ കുവൈത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന രീതിയിലാകണം സാമ്പത്തിക സമവാക്യം രൂപപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ ധനമന്ത്രിക്കയച്ച കത്തില്‍ നിര്‍ദേശിച്ചു. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് കുവൈത്ത് മണി എക്‌സ്‌ചേഞ്ച്അസോസിയേഷനും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു