ദുരിതാനുഭവങ്ങള്‍ വീഡിയോയിലൂടെ പുറത്തെത്തിച്ച യുവതികള്‍ക്ക് മോചനം; സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ഇരിവരും നാട്ടിലെത്തും

കുവൈത്ത്: ഗാര്‍ഹിക വിസയില്‍ കുവൈത്തില്‍ എത്തി ദുരിതക്കയത്തിലായ മലയാളി സ്ത്രീകള്‍ക്ക് മോചനം ലഭിക്കുന്നു. തങ്ങളുടെ കഷ്ട സ്ഥിതി വിവരിച്ച് ഇവര്‍ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലാണ് മോചനത്തിലെത്തി നില്‍ക്കുന്നത്.

വര്‍ക്കല സ്വദേശി സരിത, ചിറയിന്‍കീഴ് സ്വദേശി റെജിമോള്‍ എന്നിവരാണ് കുവൈത്തില്‍ കുടുങ്ങിയത്. ഇരുവരും തങ്ങളുടെ ദുരിത ജീവിതം വിവരിക്കുന്ന വീഡിയോ തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങളെ വീട്ടുകാര്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ലൈംഗീകമായി വരെ ഉപദ്രവിക്കുന്നുണ്ടെന്നും വീഡിയോയില്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇവരെ കുവൈത്തിലെത്തിച്ച കുമാര്‍ എന്ന ഏജന്റിനെ വിളിച്ചു വരുത്തി സ്പോണ്‍സറുമായും അവരുടെ സഹോദരിയുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവരെ നാട്ടിലേക്ക് കയറ്റിയയക്കാന്‍ ധാരണയായത്. ശനിയാഴ്ച ഇരുവരും നാട്ടിലേക്ക് തിരിക്കുമെന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇരകള്‍ക്ക് അപകടമുണ്ടാക്കുമെന്നും രഹസ്യമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും എത്തിച്ച് ഇടപെടുന്നതാവും കൂടുതല്‍ ഫലപ്രദമെന്നും സാമൂഹികപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. കെകെഎംഎ മാഗ്നറ്റ് ടീം അംഗം ബഷീര്‍ ഉദിനൂര്‍, ജികെപിഎ കോര്‍ അഡ്മിന്‍ മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വളണ്ടിയര്‍ നസീര്‍ പാലക്കാട് എന്നിവര്‍ സ്പോണ്‍സറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇവരെ നാട്ടിലേക്ക് കയറ്റിയയക്കാന്‍ വഴിയൊരുങ്ങിയത്.

Top