ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച അമ്പിളി ഫാത്തിമയുടെ ആരോഗ്യനില ഗുരുതരം

fathima

കാഞ്ഞിരപ്പള്ളി: ചികിത്സയ്ക്കും തുടര്‍പഠനത്തിനും മഞ്ജുവാര്യരുടെ സഹായം വെറുതെയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച കാഞ്ഞിരിപ്പള്ളിക്കാരി അമ്പിളി ഫാത്തിമയുടെ ആരോഗ്യനില ഗുരുതരം. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് വന്നതോടെ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാവുകയും പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങാന്‍ തുടങ്ങുകയും ചെയ്‌തെങ്കിലും പിന്നീടു അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഫാത്തിമയെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . ഇപ്പോള്‍ ഫാത്തിമയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട് . കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകളും സിഎംഎസ് കോളജില്‍ എംകോം അവസാനവര്‍ഷ വിദ്യാര്‍ഥിനിയുമാണ് ഇരുപത്തിമൂന്നുകാരിയായ അമ്പിളി ഫാത്തിമ.

ഹൃദയത്തിലുണ്ടായ ഒരു സുക്ഷിരം മുലം ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമായിരുന്നു അമ്പിളിയുടേത്. അതിനാല്‍ അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയെന്നുള്ളതായിരുന്നു.

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രകിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമയുടെ നില പെട്ടെന്നു വഷളായി. അതീവ ഗുരുതരാവസ്ഥയില്‍ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്പിളി ഫാത്തിമയെ ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണു കാരണം. പത്തുമാസം മുന്‍പു ചെന്നൈ അപ്പോളോയിലാണു ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന അപൂര്‍വവും ദുഷ്‌കരവുമായി ശസ്ത്രക്രിയ നടത്തിയത്. പത്തു മാസത്തെ തുടര്‍ചികില്‍സയയ്ക്കു ശേഷം ഒരുമാസം മുന്‍പാണു കോട്ടയത്തെ വീട്ടിലെത്തിയത്.

പിന്നീടൊരിക്കല്‍ക്കൂടി അണുബാധയുണ്ടായെങ്കിലും വീര്യം കൂടിയതും ചെലവേറിയതുമായ മരുന്നുകളിലൂടെ അണുബാധയ്ക്കു ശമനമുണ്ടായിരുന്നു. അതിനുശേഷമാണു ചെന്നൈയില്‍ നിന്നു കോട്ടയത്തേക്ക് അമ്പിളി ഫാത്തിമയും കുടുംബവും തിരിച്ചെത്തിയത്. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കടുത്ത പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്‍ന്നാണു കാരിത്താസിലെത്തിയത്.

കാരിത്താസില്‍ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോ.ജോണി ജോസഫ്, ഡോ.രാജേഷ് രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണു പരിശോധിക്കുന്നത്. ആദ്യസമയങ്ങളില്‍ വന്ന അണുബാധ തന്നെയാണു വീണ്ടുമെത്തിയതെന്ന സംശയമാണുള്ളതെന്നും ചെന്നൈയിലെ ഡോക്ടര്‍മാരുമായി ആലോചിച്ചാണു ചികിത്സ നടക്കുന്നതെന്നും അമ്പിളിയുടെ പിതാവ് ബഷീര്‍ ഹസന്‍ പറഞ്ഞു . ഇതോടെ അമ്പിളിയുടെ ആരോഗ്യം വീണ്ടുകിട്ടണമെന്ന പ്രാര്‍ത്ഥനയോടെ കാഞ്ഞിരപ്പള്ളിക്കാരും മലയാളക്കരയും കാത്തിരിക്കുകയാണ്.

Top