ലണ്ടന്‍: 2001 സെപ്റ്റംബറില്‍ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് അത്തയുടെ മകളെ മുന്‍ അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാദന്റെ അര്‍ധ സഹോദരന്‍മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹംസ ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായ വിവരമില്ല. പക്ഷേ ഇയാള്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കാമെന്നും ഇവര്‍ പറഞ്ഞു.
ഹംസ ഇതിനകം തന്നെ അല്‍ഖായിദ ഉന്നത സ്ഥാനം ഏറ്റെടുത്തെന്നാണ് സൂചനകള്‍. പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരിക്കാം ഇയാളെന്നും അവര്‍ സൂചിപ്പിച്ചു. 2011 മേയ് രണ്ടിന് പാകിസ്താനില്‍ യുഎസ് സൈന്യം നടത്തിയ നീക്കത്തിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസ. ഹംസയെ ആയിരുന്നു ബിന്‍ ലാദന്‍ തന്റെ പകരക്കാരനായി കണക്കാക്കിയിരുന്നത്.
ലാദന്റെ കത്തുകളിലും മറ്റും ഇക്കാര്യങ്ങളും വിവരിച്ചിട്ടുണ്ട്. ലാദന്റെ ഭാര്യമാരും മക്കളും നിലവില്‍ സൗദി അറേബ്യയിലാണ്. സൗദി ഇവര്‍ക്ക് അഭയം നല്‍കുകയായിരുന്നു. യുഎസ്, യുകെ, ഫ്രാന്‍സ്, ഇസ്രയേല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രണ്ടു വര്‍ഷമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഹംസയുടെ നീക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ബിന്‍ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ല്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.