ഒസാമ ബിന്‍ ലാദന്റെ മകനെയും അമേരിക്ക വകവരുത്തി; സൗദിക്കും അമേരിക്കക്കുമെതിരെ നിരന്തരം ഭീഷണി ഉയര്‍ത്തിയിരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയെ വിറപ്പിച്ച ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക തന്നെയാണ് ഹംസ ബിന്‍ ലാദനെയും കൊലപ്പെടുത്തിയത്. അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദി അറേബ്യയ്‌ക്കെതിരെ നിരന്തരം ഭീഷണികളും പരസ്യ പ്രസ്താവനകളും നടത്തിയിരുന്ന ആളാണ് ഹംസ ബിന്‍ ലാദന്‍. ഇതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി അറേബ്യ റദ്ദാക്കിയിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെ ആക്രമണം നടത്താന്‍ ഹംസ ആഹ്വാനം ചെയ്തതിനു ശേഷമാണ് സൗദി ഇയാളുടെ പൗരത്വം റദ്ദ് ചെയ്തത്. ഹംസയുടെ ഒളിസ്ഥലം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കും അതിനെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്കും ഒരു മില്ല്യണ്‍ യു.എസ്. ഡോളര്‍ ആണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് ഹംസ കൊല്ലപ്പെട്ടുവെന്ന് കാണിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. എന്നാല്‍ ഔദ്യോഗികമായി അമേരിക്ക ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഹംസയ്ക്ക് 30 വയസുണ്ടെന്നാണ് കരുതപ്പെടുന്നത്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തിന്റെ സമയത്ത് ഹംസ അഫ്ഗാനിസ്ഥാനിലായിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് വരുന്നത്.

2015ല്‍ ഭീകരസംഘടനയുടെ തലവനായ അയ്മാന്‍ അല്‍ സവാഹിരി ഹംസയെ അല്‍ ഖ്വയ്ദയുടെ യുവശബ്ദമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. 2011ല്‍ പാകിസ്ഥാനിലെ ആബട്ടാബാദില്‍ വച്ചാണ് ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തുന്നത്. ഈ സമയം ഹംസ ഇറാനിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

Top