ഉത്തര്‍പ്രദേശ്: മേശപ്പുറത്ത് ടവ്വലില്‍ പൊതിഞ്ഞ രീതിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ ഉറക്കികിടത്തി ഫയല്‍ നോക്കുന്ന പോലീസ് ഉദ്യാഗസ്ഥയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ഝാന്‍സി പോലീസ് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് ആണ് നിമിഷ നേരം കൊണ്ട് താരമായത്.
ആറു മാസം മാത്രം പ്രായമുള്ള തന്റെ മകള്‍ അനിഖയെ സ്റ്റേഷനിലെ മേശപ്പുറത്ത് ഉറക്കി കിടത്തി, തൊട്ടടുത്തായിരുന്ന് ഫയല്‍ നോക്കുന്ന അര്‍ച്ചനയുടെ ചിത്രം ഉത്തര്‍പ്രദേശിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഝാന്‍സി കോട്ട്വാലിയിലെ ഈ പോലീസമ്മയെ കാണൂ, പോലീസ് ഉദ്യോഗവും അമ്മയുടെ ജോലിയും ഒരുമിച്ച് മനോഹരമായി കൈകാര്യം ചെയ്യുന്നവര്‍. ഇവര്‍ ഒരു സല്യൂട്ട് അര്‍ഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ചിത്രം പങ്കുവെച്ചത്.
ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ജോലിക്കാരായ അമ്മമാര്‍ക്ക് നല്ല തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്ന അഭിപ്രായവുമായി നിരവധിപേര്‍ രംഗത്തെത്തി. അര്‍ച്ചനയുമായി സംസാരിച്ചെന്നും ഇവര്‍ക്ക് വീടിനടുത്തുള്ള ആഗ്ര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കൊടുത്തതായും ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഓഫീസര്‍ ഓം പ്രകാശ് സിങ് അറിയിച്ചു. ഏതായാലും അര്‍ച്ചനയുടെ ആത്മാര്‍ഥയെ മുന്‍നിര്‍ത്തി ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്ക് 1000 രൂപയുടെ പാരിതോഷികവും നല്‍കിയിരുന്നു.