നിസ്‌കരിച്ചുകൊണ്ട് അവര്‍ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ?പൊതുസ്ഥലത്ത് ആര്‍.എസ്.എസിന് ശാഖനടത്താമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് നിസ്‌കരിച്ചൂടെയെന്ന് കട്ജു

ലഖ്‌നൗ: പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസ് ഉത്തരവിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖകള്‍ നടത്താമെങ്കില്‍ എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ പറ്റാത്തതെന്നും ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ അദ്ദേഹം പറയുന്നു.
ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ യു.പി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങള്‍ പള്ളികളില്‍ നിസ്‌കരിച്ചാല്‍ മതിയെന്നു പറയുന്നവര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നുണ്ട്. ‘മുസ്ലീങ്ങള്‍ പള്ളികളില്‍ നമസ്‌കരിക്കണം എന്നു പറയുന്നവര്‍ക്കുള്ള മറുപടി പലപ്പോഴും പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാറില്ലയെന്നതാണ്. അല്ലെങ്കില്‍ അവിടെ സ്ഥലപരിമിതിയുണ്ട് എന്നതാണ്.’ കട്ജു പറയുന്നു.
പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ നിസ്‌കാരം നടത്താന്‍ കമ്പനികള്‍ അനുവദിക്കാന്‍ പാടില്ലെന്നും നിരോധനം ലംഘിച്ചാല്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്. ഐ.ടി ഇന്‍ഡസ്ട്രീയല്‍ ഹബ്ബായ നോയിഡയില്‍ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതുഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ദിവസങ്ങളില്‍ വലിയ ആള്‍ക്കൂട്ടം പൊതു ഇടങ്ങളില്‍ നിസ്‌കാരത്തിനായി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമായിരുന്നു പൊലീസ് വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top