യുപിയില്‍ ദലിതര്‍ കൂട്ടത്തോടെ ഹിന്ദു മതം ഉപേക്ഷിക്കുന്നു; നീതി ലഭിച്ചില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് 2000ത്തോളം പേര്‍

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരായ ദലിത് പ്രതിഷേധം അലയടിക്കുന്ന യുപിയില്‍ വീണ്ടും മതം മാറ്റം. സവര്‍ണ്ണ ജാതിക്കാരുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദലിത് കുടുംബങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കാനൊരുങ്ങുന്നു. അലിഗഢ് ജില്ലയിലുള്ള കേശൊപുര്‍ ജാഫ്രി ഗ്രാമത്തിലെ 2000 ദലിതരാണ് മതം മാറുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് തങ്ങളെ ഏകപക്ഷീയമായി വേട്ടയാടുന്നു എന്നാരോപിച്ച്, ഇസ്ലാം മതം സ്വീകരിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയത്.

നേരത്തെ, സവര്‍ണ്ണ ജാതിക്കാരായ താക്കൂറുകളുമായി പ്രദേശത്ത് നിര്‍മ്മിക്കുന്ന അഴുക്കു ചാലുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘട്ടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് പ്രധാന കാരണക്കാരനായ ഒരു താക്കൂര്‍ വിഭാഗക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ദലിത് കുടംബങ്ങള്‍ ഹിന്ദുമതം ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സംഘര്‍ഷത്തിനു ശേഷം പൊലീസ് തങ്ങളെ അകാരണമായി ഉപദ്രവിക്കുകയാണെന്നും ദലിത് കുടുംബങ്ങള്‍ ആരോപിക്കുന്നു.

Top