
ലഖ്നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. 12 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ലഖിംപുർ ഖേരിയിലെ മുടിചൂടാമന്നനായ അജയ് മിശ്രയുടെ പിൻഗാമിയായി നിയമസഭാ ടിക്കറ്റിനു കാത്തിരുന്ന ആശിഷ് മിശ്ര അറസ്റ്റിലായതു ബ്രാഹ്മണരിലുണ്ടാക്കുന്ന ചലനങ്ങൾ പ്രധാനമാണ്.ആഭ്യന്തരസഹമന്ത്രിയുടെ രാജിയെന്ന ഭീഷണിയും മുൻപിലുണ്ട്.
ഠാക്കൂർ സമുദായക്കാരനായ യോഗി ആദിത്യനാഥിന്റെ സർക്കാർ അവഗണിക്കുന്നുവെന്നു പരാതിപ്പെട്ട ബ്രാഹ്മണർ ഈ വിഷയത്തെ രാഷ്ട്രീയമായി കാണുമോ എന്നതും പ്രധാനം. ആശിഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറിയതായും ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ശേഷിക്കെ കർഷകസമരത്തിന്റെ തീപ്പൊരികൾ ഉത്തർപ്രദേശ് രാഷ്ട്രീയത്തിലുമെത്തിയത് ബിജെപി തീരെ ആഗ്രഹിക്കാത്തതാണ്.
ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉത്തര്‍പ്രദേശ് പൊലീസിന് നേരിടേണ്ടി വന്നിരുന്നു. ഇത്രയും ഉദാരമായ ഒരു സമീപനം എന്തുകൊണ്ടാണ് പ്രതിയോട് കാണിക്കുന്നതെന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചത്.
അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്താത്ത കോടതി ലംഖീംപൂര്‍ ഖേരിയില്‍ ഉണ്ടായത് ക്രൂരമായ കൊലപാതകമാണെന്നും കേസ് പൂജാ അവധിക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോള്‍ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പുത്രനെതിരെ നടപടി എടുക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് നിര്‍ബന്ധിതരായത്. കൊലപാതകം നടന്ന് 7 ദിവസത്തിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ നിന്നും മന്ത്രി പുത്രനെ രക്ഷപ്പെടുത്താന്‍ പൊലിസിന്റെ ഭാഗത്ത് നിന്നും പരമാവധി ശ്രമം ഉണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. രാവിലെ വളരെ നാടകീയമായിട്ടായിരുന്നു ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിക്കുകയായിരുന്നു.
നേരത്തെ കൊലക്കുറ്റം ഉള്‍പ്പടേ ചേര്‍ത്ത് ആശിഷ് മിശ്രയെ കേസില്‍ പ്രതിയാക്കിയിരുന്നു. എന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തിരുന്നതായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിനെതിരായ വിമര്‍ശനങ്ങളുടെ ആക്കം വര്‍ധിപ്പിച്ചത്. ആശിഷ് മിശ്രയ്ക്ക് സെക്ഷൻ 160 സി ആർ പി സി പ്രകാരം നോട്ടീസ് നൽകിയിരുന്നതും ചില സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. സാധാരണഗതിയില്‍ സാക്ഷികള്‍ ഹാജരാകുന്നതിന് വേണ്ടിയാണ് സെക്ഷൻ 160 സിആർപിസി പ്രകാരം നോട്ടീസ് നല്‍കുന്നത്. മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനാല്‍ ഇന്നലെ മകന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
പ്രതിയെ ചോദ്യം ചെയ്യലിന് ഹാജരാക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് ശക്തമായ പൊലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഷകര്‍ക്ക് ഇടയിലേക്ക് ആശിഷ് മിശ്ര മനഃപൂര്‍വ്വം വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ഇത് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ തന്റെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് കര്‍ഷകര്‍ മരിച്ചെന്ന ആരോപണം അജയ് മിശ്ര നിരന്തരം നിഷേധിക്കുകയായിരുന്നു. കര്‍ഷകര്‍ ഞങ്ങളുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയായിരുന്നെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ വാദം.
സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നാണയിരുന്നു ആശിഷ് മിശ്രയുടേയും അവകാശ വാദം. ഞായറാഴ്ച അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഞാനുണ്ടായിരുന്നില്ല. അന്നേ ദിവസം രാവിലെ 9 മുതൽ വൈകുന്നേരം വരെ ഉത്തർപ്രദേശിലെ ബൻബീർപൂർ ഗ്രാമത്തിൽ ഒരു ഗുസ്തി പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഞാന്‍. തന്റെ ഡ്രൈവര്‍ ഒടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ കല്ലെറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട വാഹനം അപകടത്തിന് ഇടയാക്കുകയായിരുന്നു. കല്ലേറില്‍ ഡ്രൈവര്‍ ഹരിഓം മിശ്രയുടെ തലയ്ക്ക് പരിക്കേറ്റതോടെയാണ് ബാലൻസ് നഷ്ടപ്പെട്ടതെന്നുമായിരുന്നു മന്ത്രി പുത്രന്റെ വാദം. അതേസമയം, ആശിഷ് മിശ്രയുടെ അറസ്റ്റോടെ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കിയേക്കും. പ്രതിപക്ഷത്തിന്റെ വിജയം എന്നായിരുന്നു അറസ്റ്റിന് പിന്നാലെയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ചിത്രത്തിലില്ലാതിരുന്ന കോൺഗ്രസ് നടത്തുന്ന മുന്നേറ്റങ്ങളും ബിജെപിയെ അലട്ടുന്നു. കർഷകസമരം അലയടിച്ച പടിഞ്ഞാറൻ യുപിയിൽ പ്രത്യാഘാതം വലുതാകുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. 20% വരുന്ന ബ്രാഹ്മണ വോട്ടുകൾ പിടിക്കാൻ കോൺഗ്രസിൽനിന്നു ജിതിൻ പ്രസാദയെ കൊണ്ടുവന്ന യോഗി ആദിത്യനാഥ് ലഖിംപുർ വിഷയത്തിൽ ബ്രാഹ്മണ സമുദായത്തിലെതന്നെ അജയ് മിശ്രയെയും മകൻ ആശിഷിനെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന തോന്നൽ ബിജെപിയിൽ ശക്തമാണ്. വിഷയത്തിൽ മന്ത്രിപുത്രന്റെ പേരുയർന്നപ്പോൾ തടുക്കാതിരുന്നതും മന്ത്രി ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ ഇട്ടതും മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണു പാർട്ടിക്കുള്ളിലെ ചർച്ച.
ആശിഷിനെ സംരക്ഷിക്കാൻ മെനക്കെടാതെ യോഗി സർക്കാർ ഈ വിഷയത്തിൽ കർഷകതാൽപര്യത്തിനാണു പ്രാമുഖ്യം നൽകിയത്. നേരത്തേ ബിജെപി സഹയാത്രികനായിരുന്ന കർഷകനേതാവ് രാകേഷ് ടികായത്തിനെ പ്രശ്നത്തിൽ ഇടപെടാൻ യോഗി തന്നെയാണു വിളിച്ചുവരുത്തിയതെന്നും സൂചനകളുണ്ടായിരുന്നു. അവർ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ഒറ്റയടിക്കു സർക്കാർ അംഗീകരിക്കുകയും ചെയ്തു. സംയമനം പാലിക്കാൻ കർഷകരോട് അഭ്യർഥിച്ച ടികായത്ത്, മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് യുപി സർക്കാർ ഇതുവരെ നിരാകരിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.