‘പുരുഷു എന്നെ അനുഗ്രഹിക്കണം’ ഹിറ്റായ ഡയലോഗിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസ്

സിനിമയേക്കാള്‍ ചില സംഭാഷണങ്ങളാകും എന്നും ആസ്വാദകരുടെ മനസില്‍ ഉണ്ടാവുക. ആ സംഭാഷണങ്ങള്‍ ചിലപ്പോള്‍ തിരക്കഥയില്‍ ഉണ്ടായിരിക്കില്ല. അഭിനേതാക്കള്‍ അവരുടെ മനോധര്‍മ്മം പോലെ പറയുന്നതാകാം. ദിലീപ് നായകനായെത്തിയ ‘മീശമാധവന്‍’ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതിലെ ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് എല്ലാവരെയും ഏറെ ചിരിപ്പിച്ചിട്ടുള്ളതുമാണ്. ആ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് ലാല്‍ ജോസ് ഇക്കാര്യം പറയുന്നത്.

‘തിരക്കഥയില്‍ അങ്ങനെയൊരു സംഭാഷണം ഉണ്ടായിരുന്നില്ല. ആ സീന്‍ അങ്ങനെ ആയിരുന്നില്ല ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ജഗതി ശ്രീകുമാര്‍ (ഭഗീരഥന്‍ പിള്ള) കാമുകിയെ കാണാന്‍ വീടിനുള്ളലേക്ക് കയറുന്നു. മാധവന്‍ പുരുഷുവിന് ഭഗീരഥന്‍ പിള്ളയെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അതായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. വേലി ചാടി ഭഗീരഥന്‍ പിള്ളയില്‍ എത്തുന്നു. പട്ടിക്കുരയ്ക്കുന്നുണ്ട്. വരാന്തയിലേക്കു കേറുമ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടന്‍ പറഞ്ഞു. ആ ഷോട്ട് എടുക്കാന്‍ നേരത്ത് ജഗതി ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിലെ തമാശയാണ് ആണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അത് കണ്ടപ്പോള്‍ അത് കുറച്ചുകൂടി രസകരമാക്കാന്‍ അവിടെയെന്തെങ്കിലും ഡയലോഗ് വന്നാല്‍ പറ്റുമെന്ന് തോന്നി. അങ്ങനെയാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്.

Top