റാഞ്ചി: ജയിലിലും രാജാവായി ലാലു പ്രസാദ് യാദവ്. തടവുകാരുടെ വസ്ത്രങ്ങള്‍ പോലും ഇല്ലാതെ രാജകീയമായാണ് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ഹോട്ട് വാര്‍ ജയിലില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ജയിലിലെ മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരായ തടവുകാര്‍ക്കൊപ്പം ചായയും ലഘു ഭക്ഷണവും കഴിച്ചും പലവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും ഒക്കെയാണ് അദ്ദേഹം സമയം കളയുന്നതെന്നു റാഞ്ചിയിലെ പ്രഭാത് ഖബര്‍പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലത്തെ പത്രവായന കഴിഞ്ഞാല്‍ ഉടന്‍ ലാലു മറ്റു രാഷ്ട്രീയ തടവുകാര്‍ക്കൊപ്പം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും, വാര്‍ത്തകള്‍ വിശകലനം ചെയ്യും ഇടയ്ക്കിടയ്ക്ക് മടുപ്പകറ്റാന്‍ ചായയും ലഘുഭക്ഷണവും ഓര്‍ഡര്‍ ചെയ്യുമെന്നും ജയില്‍ വൃത്തങ്ങള്‍ പറയുന്നു. ചര്‍ച്ച മടുത്താല്‍ ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ചോദിച്ചു വാങ്ങിച്ചും സ്വന്തം സെല്ലിനകത്തെ ടെലിവിഷനില്‍ പരിപാടികള്‍ ആസ്വദിച്ചും ഉറങ്ങിയും നേരം കൊല്ലും.
ദിവസം മുഴുവന്‍ ലാലു പ്രസാദ് യാദവിനും അദ്ദേഹത്തിന്റെ ചര്‍ച്ചക്കാര്‍ക്കും ചോദിക്കുന്ന ആഹാരം ഉണ്ടാക്കി നല്‍കുകയാണ് പതിവെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ എം പി ആര്‍ കെ റാണ, ജഗദീഷ് ശര്‍മ, സാവ്‌ന ലാക്ര, രാജ പീറ്റര്‍, കമല്‍ കിഷോര്‍ ഭഗത് എന്നിവരാണ് ലാലുവിന്റെ ജയിലിലെ കൂട്ടുകാര്‍. ജയിലില്‍ ഹോട്ടലിലെ പോലെ ഭക്ഷണം ആവശ്യപ്പെട്ടു കഴിക്കുന്നതും കൂട്ടുകാരെ കഴിപ്പിക്കുന്നതിനും പുറമേ വീട്ടില്‍ നിന്ന് വിഭവ സമൃദ്ധമായ ഭക്ഷണവും അദ്ദേഹത്തിനെത്തുന്നുണ്ട്. മധുര ചോളം, ഗ്രീന്‍ പീസ്, സ്പിനാച്, വഴുതനങ്ങാ കറി, സാലഡുകള്‍, ബസ്മതി അരിയുടെ ചോറ്, പരിപ്പ് കറി, സങ്കട മോച്ചന്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പ്രസാദം തുടങ്ങി വിവിധ ഭക്ഷണ ഇനങ്ങളാണ് ജയിലില്‍ എത്തുന്നത്. ചുരുക്കി പറഞ്ഞാല്‍ ലാലു പ്രസാദ് യാദവ് ജയിലിലല്ല കഴിയുന്നത് എന്ന് വേണം പറയാന്‍.
21 വര്ഷം പഴക്കമുള്ള പ്രമാദമായ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു അടക്കം 15 പേരെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറു പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.