മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കി. ഇടുക്കി കളക്ടറുടെയും ദേവികുളം സബ്കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ സഹോദരനുമുളളതായി സൂചനയുണ്ട്.മൂന്ന് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയത്. സ്റ്റേ നടപടികളുടെ കാലാവധി കഴിഞ്ഞവ, നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തവ, സമീപകാലത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുക. 1977ന് മുന്‍പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കും. മൂന്ന് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ കുടിയേറ്റം നടത്തിയ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ഒഴിപ്പിക്കില്ലെന്നാണ് സൂചന. മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, ചിത്തിരപുരം, പള്ളിവാസല്‍ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നിട്ടുള്ളത്.
കയ്യേറ്റം നടത്തി നിര്‍മിച്ചെന്ന് കണ്ടെത്തിയ 63 റിസോര്‍ട്ടുകള്‍ക്ക് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. റവന്യുവകുപ്പിന് വ്യക്തമായ മറുപടി നല്‍കാത്ത റിസോര്‍ട്ടുകളും മറ്റ് വാണിജ്യസ്ഥാപനങ്ങളും ഒഴിപ്പിച്ചേക്കും. അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന് പകരം സര്‍ക്കാര്‍ ഏറ്റെടുക്കകയാണ് ചെയ്യുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിന് മുന്നോടിയായാണ് ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള യോഗം ചേര്‍ന്നത്. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.