ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഋഷികേശ്- ബദരിനാഥ് ദേശീയപാത അടച്ചിട്ടു. ചമോലി ജില്ലയിലെ വിഷ്ണുപ്രയാഗിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത് .കനത്ത മണ്ണിടിച്ചിലില്‍ 15,000 യാത്രക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടര്‍ന്നുവീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. തീര്‍ഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടപ്പുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്. ഋഷികേശ്–ബദ്രിനാഥ് ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി. മണ്ണിടിച്ചിലില്‍ തീര്‍ഥാടകര്‍ക്കു പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) പൊലീസും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു.
വലിയതോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ദേശീയപാത നന്നാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും ബിആര്‍ഒ അറിയിച്ചു. റോഡ് പൂര്‍ണമായി തുറക്കുന്നതുവരെ സമാന്തരപാതയിലൂടെ വാഹനങ്ങള്‍ക്കു സഞ്ചാരമാര്‍ഗം ഒരുക്കുമെന്നു ബിആര്‍ഒ കമാന്‍ഡര്‍ കേണല്‍ രാമ സുബ്രമഹ്ണ്യന്‍ പറഞ്ഞു. കൂടുതല്‍ മണ്ണുമാന്ത്രി യന്ത്രങ്ങളും മറ്റും സ്ഥലത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ബിആര്‍ഒ. കുടുങ്ങിക്കിടക്കുന്നവരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളൂ.
2013ല്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയം ഹിമാലയന്‍ മേഖലയില്‍ കൊടുംനാശം വിതച്ചിരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്‌ഥാനങ്ങളിലായി ഔദ്യോഗിക കണക്കുപ്രകാരം 5700 പേരാണ് കൊല്ലപ്പെട്ടത്. ഹിമാലയന്‍ തീര്‍ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളില്‍ പ്രളയം വന്‍നാശം വിതച്ചു.കേരളത്തില്‍നിന്നുള്‍പ്പെടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. കേദാര്‍നാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണ് ദുരന്തത്തിനു തുടക്കമിട്ടത്. പല ഗ്രാമങ്ങളും ഇല്ലാതായി. പ്രദേശങ്ങളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചിലും രൂക്ഷമായി. റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു
ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍: 15,000 യാത്രക്കാര്‍ കുടുങ്ങി.മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന
Tags: landslide