കൽപ്പറ്റ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ മരണം 73 ആയി.ഞെട്ടിവിറച്ച് കേരളം ! പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയി. സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ദുഃഖാചരണം നടത്തുന്നത്. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം. സർക്കാർ തീരുമാനിച്ച പൊതുപരിപാടികളും ആഘോഷങ്ങളും മാറ്റിവയ്ക്കും.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മരണം 73 ആയി ഉയർന്നു.
മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു നാട്ടുകാർ. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവിൽ ഒരു മൃതദേഹം കൂടി കിട്ടി.