കോട്ടയം :ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്നലെ കാണാതായത്. അതില്‍ മൂന്നുപേരുടെ മൃതദേഹം ഇന്നലെയും രണ്ടുപേരെ ഇന്നുമാണ് കണ്ടെത്തിയത്. സ്‌നേഹ എന്ന കുട്ടിക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒഴുക്കില്‍പ്പെട്ട മാര്‍ട്ടിന്റെ മൃതദേഹം കാവാലിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്.
ഇന്ന് അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയതോടെ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ഒരാൾ കുഞ്ഞാണ്. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകൾ സോന (10) എന്നിവരാണ് കൂട്ടിക്കലിൽ ഇന്നലെ മരിച്ചത്. രക്ഷാ ദൗത്യത്തിനായി 4ദം അംഗ കരസേന സംഘം കൂട്ടിക്കലെത്തി. ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ എട്ട് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍കോട് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ പെയ്തത് പീരുമേട്ടിലാണ്. 16 മണിക്കൂറില്‍ 270 മില്ലി മീറ്റര്‍ മഴയാണ് പീരുമേട്ടില്‍ പെയ്തത്. ഇടുക്കിയിലും എറണാകുളത്തും അസാധാരണ പേമാരിയാണുണ്ടായത്. കോട്ടയത്തും കനത്ത മഴ പെയ്തു.