വായ്പ തിരിച്ചടച്ചില്ല; ലതാ രജനികാന്തിനെതിരായ കേസ് സുപ്രീംകോടതിയില്‍

വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്തിനെതിരെയുള്ള കേസ് സുപ്രീം കോടതിയില്‍. ബെംഗളൂരു ആസ്ഥാനമായുള്ള ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യകമ്പനിയാണ് ലതയ്‌ക്കെതിരേ പരാതി നല്‍കിയത്. ലത ഡയറക്ടറായിട്ടുള്ള മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കടം വാങ്ങിയ ഇനത്തില്‍ 6.2 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് പരാതി.

സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത 2014 ല്‍ പുറത്തിറങ്ങിയ കൊച്ചടയാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പരസ്യ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയത്. ഇന്ത്യയിലെ ആദ്യ ഫോട്ടോറിയലിസ്റ്റിക് പരീക്ഷണമായിരുന്നു ഈ ചിത്രം. ഏറെ അവകാശ വാദങ്ങളോടു കൂടി പുറത്തിറങ്ങിയ കൊച്ചടയാന്‍ ബോക്‌സോഫീസില്‍ അതിദാരുണമായി പരാജയപ്പെട്ടു. രജനികാന്ത്, ദീപിക പദുക്കോണ്‍, ശോഭന, ശരത്കുമാര്‍, രുക്മിണി വിജയകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മുടക്കു മുതല്‍ ലഭിക്കാതെ വന്നപ്പോള്‍ ചിത്രത്തിന്റെ വിതരണക്കാര്‍ രജനികാന്തിന്റെ വീടിന് മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് അന്ന് വാര്‍ത്തകളിലിടം നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചടയാന്റെ സഹനിര്‍മാതാക്കളിലൊരാളായ ലതാ രജനികാന്ത് പതിനാല് കോടി രൂപയാണ് കമ്പനിയില്‍ നിന്ന് വാങ്ങിയത്. 6.2 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ലത പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കര്‍ണാടക ഹൈക്കോടതിയിലാണ് ആദ്യം ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് പരാതി നല്‍കിയത്. എന്നാല്‍ ലതയ്‌ക്കെതിരെയുള്ള നടപടി ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് ആര്‍.ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് ലതയെ രൂക്ഷമായി വിമര്‍ശിച്ചു. പണം തിരികെയടക്കാമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ലത കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലതയുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളും നടന്നില്ല. തുടര്‍ന്നാണ് ലതയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Top