തിരുവനന്തപുരം: ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി. നിവേദനങ്ങൾ ഫയലിൽ മാത്രമാകുകയാണ്. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും മൂലമ്പള്ളിയിൽ നിന്ന് ആദ്യഘട്ടസമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയും പരാജയപ്പെട്ടു.നാലാംവട്ടചർച്ചയാണ് പരാജയപ്പെട്ടത്. ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം ആയില്ലെന്നും വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘം ആരോപിച്ചു.
അതേസമയം വിഴിഞ്ഞ തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു . വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാൽ നാട്ടിലെ ജനങ്ങൾ എല്ലാ കാര്യങ്ങളിലും സർക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കാൻ മത്സ്യത്തൊഴിലാളികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടയലേഖനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി നൽകുന്നതിനായി ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചു. ഈ സമയത്ത് ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിൽ പോയി. ‘ഇത് പറ്റിക്കലാണ്. നിങ്ങളുടെ കൈയിൽ ഇപ്പോൾ തന്ന 5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി പറ്റിക്കലാണ് എന്നാണ് പറയുന്നത്. എങ്ങനെയാണ് ഇത് പറ്റിക്കലാകുന്നത് എന്ന് അദ്ദേഹം തന്നെ പറയേണ്ടതാണ്.
നമ്മളാരു മേപ്പടി ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് അടുത്ത ആഹ്വാനം. ഇവിടെ എത്തിയ നിങ്ങളോടെല്ലാരോടും നന്ദിയുണ്ട്. ഇത്തരം ചില ആളുകൾ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാൽ നാട്ടിലെ ജനങ്ങൾ എല്ലാ കാര്യങ്ങളിലും സർക്കാരുമായി സഹകരിക്കുന്നവരാണ്. ഞങ്ങളുടെ ഈ പ്രവർത്തനത്തിലുള്ള ആത്മാർത്ഥത ശരിയായ രീതിയിൽ മത്സ്യത്തൊഴിലാളികൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞത്’ മുഖ്യമന്ത്രി പറഞ്ഞു.
ആരേയും പരിപാടിയിലേക്ക് അയക്കരുത്, നമ്മൾ കൂടുതൽ കരുതലോടെ ചടങ്ങിനെ അവഗണിക്കണം. ഇത് വൻ ചതിയാണെന്നുമാണ് പ്രചാരണത്തിലെ അടുത്ത വാചകം. ചതി ശീലമുള്ളവർക്കേ ഇങ്ങനെ പറയാൻ സാധിക്കൂ. ഞങ്ങളുടെ അജണ്ടയിൽ ചതിയില്ല. എന്താണോ പറയുന്നത് അത് ചെയ്യും. ചെയ്യാൻ പറ്റുന്നത് എന്താണോ അതേ പറയൂ. ആരേയും പറ്റിക്കാനോ ചതിക്കാനോ ഞങ്ങളില്ല. ഈ സ്ഥാനത്തിരുന്ന് കൊണ്ട് ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല. ഇതുപോലുള്ള പൊള്ളത്തരങ്ങളിൽ സഹോദരങ്ങൾ ബലിയാടാകാതിരിക്കട്ടെ എന്നും സന്ദേശത്തിൽ പറയുന്നു. ഇതൊരു വലിയ കാര്യമല്ല. എന്നാൽ ഇതൊരു പ്രചരിക്കുന്ന സന്ദേശം ആയതുകൊണ്ടാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾക്ക് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. നല്ല ഉദ്ദേശം ഉണ്ടായാലും എതിർക്കാനൊക്കെ ആളുകൾ ഉണ്ടാകും. അത് അവരുടെ മാനിസികാവസ്ഥ വെച്ച് എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നാടിന്റെ സജീവ പ്രശ്‌നമായിട്ടാണ് കാണുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.