കേന്ദ്ര അവഗണനക്കെതിരെ ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സര്‍ക്കാരിനെ പഴിച്ച് സതീശന്‍

ന്യൂഡൽഹി: കേരളത്തോടുളള കേന്ദ്ര സർക്കാർ അവ​ഗണന സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എംപി. കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രതാപൻ എംപി കുറ്റപ്പെടുത്തി. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടുന്ന വിധത്തിൽ രൂക്ഷമായ സാമ്പത്തിക ഞെരുക്കമാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ടി എൻ പ്രതാപൻ നോട്ടീസിൽ പറഞ്ഞു.

പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശ ധനസഹായങ്ങൾ മുടക്കി. ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും പ്രതാപൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയെന്ന് സിപിഎം പ്രചാരണം നടത്തുമ്പോഴാണ് പ്രതാപന്‍റെ പിന്തുണ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. കേന്ദ്ര അവഗണനക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനുള്ള ടിഎൻ പ്രതാപന്റെ നീക്കം നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും പിണറായി പറഞ്ഞു. എന്നാൽ പ്രതിസന്ധിക്ക് കാരണം കേന്ദ്രം മാത്രമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പ് ഉണ്ട്. എന്നാൽ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനല്ല. കേരളത്തിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് സതീശൻ പറഞ്ഞു.

കേരള സർക്കാരിന്റെ കെടുകാര്യസ്ഥത നിലനിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയെന്ന് മാധ്യമങ്ങളോട് പ്രതാപൻ പ്രതികരിച്ചു. നൽകിയ പല പദ്ധതികൾക്കും കേന്ദ്രം പണം അനുവദിക്കുന്നില്ല. ബി ജെ പി സംസ്ഥാനങ്ങൾക്കാണ് പരിഗണന നൽകുന്നത്. പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും ചൂണ്ടി കാണിക്കുന്നത് തുടരും. കേരളത്തിലെ വിഷയങ്ങൾ ഉന്നയിക്കാനാണ് ജനങ്ങൾ എംപിമാരെ പാർലമെന്റിലേക്ക് അയക്കുന്നത്. കേരളത്തിന് അവകാശമുള്ളത് കേന്ദ്രം തന്നെ പറ്റൂവെന്നും ടിഎൻ പ്രതാപൻ എംപി പറഞ്ഞു. ഇത്രയും മോശമായി ധനകാര്യ മേഖലയെ കൈകാര്യം ചെയ്യുന്ന സർക്കാർ ഉണ്ടായിട്ടില്ല. മുമ്പും എംപിമാർ കേരളത്തിലെ വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അവഗണനയും കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

Top