പ്രളയബാധിതര്‍ക്കു 10,000 പോലും ലഭിച്ചിട്ടില്ല; മന്ത്രിമാരുടെ ഓഫീസ് മോടികൂട്ടാന്‍ ലക്ഷങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷം

തിരുവനന്തപുരം:ഇങ്ങനേയും ഉണ്ടോ മനുഷ്യത്തമില്ലാത്ത ധൂർത്ത് !!കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് ബുദ്ധിമുട്ടുമ്പോൾ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു പോലും പണമില്ലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മന്ത്രിമാരുടെ ഓഫീസുകള്‍ മോടികൂട്ടുന്നു. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിലും ഇക്കൊല്ലത്തെ വെള്ളപ്പൊക്കം/ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും നൂറുകണക്കിനുപേര്‍ കിടപ്പാടം നഷ്ടപ്പെട്ട വലയുമ്പോഴാണു ജനങ്ങളുടെ നികുതിപ്പണം മുടക്കി മന്ത്രിമാര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മന്ത്രിമന്ദിരങ്ങളും ഓഫീസുകളും മോടിപിടിപ്പിക്കേണ്ടെന്നായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയുടെതന്നെ ഓഫീസ് നവീകരിച്ച് പൊതുഭരണവകുപ്പ് ആ തീരുമാനം തിരുത്തി.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപ. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശാലമാക്കാനാണു മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍നിന്നു മാറ്റുന്നത്.

നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസിനായി നീക്കിവയ്ക്കുന്നുവെന്നാണു പൊതുഭരണവകുപ്പിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം 39 ലക്ഷം രൂപ ചെലവഴിച്ചു.

സെക്രട്ടേറിയറ്റ് അനക്‌സില്‍ മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സജ്ജീകരിക്കാന്‍ 40.47 ലക്ഷം രൂപ മുടക്കി. പൊതുമരാമത്തുവകുപ്പിന്റെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണു നവീകരണക്കരാര്‍.

മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഇല്ലാതെയാണു സി.പി.എം. നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കു കരാര്‍ നല്‍കിയത്. നിയമസഭയുടെ ഡിജിറ്റല്‍വത്കരണച്ചുമതലയും ഈ സൊസൈറ്റിക്കാണ്. പ്രളയബാധിതരില്‍ മിക്കവര്‍ക്കും അടിയന്തരസഹായമായ 10,000 രൂപപോലും ലഭിച്ചിട്ടില്ലെങ്കിലും, പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) ഓഫീസ് ഒരുക്കാന്‍ 88.05 ലക്ഷം രൂപ മുടക്കി. സെക്രട്ടേറിയറ്റിലെയും അനക്‌സ് മന്ദിരങ്ങളിലെയും സൗകര്യങ്ങള്‍ പോരെന്നുപറഞ്ഞ്, സ്വകാര്യവ്യക്തിയുടെ കെട്ടിടം (കാല്‍സര്‍ ഹീതര്‍ ടവര്‍) അഞ്ചുവര്‍ഷത്തേക്കു വാടകയ്‌ക്കെടുത്താണ് ഓഫീസ് ഒരുക്കിയത്.

സെക്രട്ടേറിയറ്റ് അനക്‌സ്-2 മന്ദിരത്തില്‍ രണ്ടരക്കോടിയുടെ സി.സി. ടിവി ക്യാമറകള്‍ ഘടിപ്പിച്ചതും മാസങ്ങള്‍ക്കു മുമ്പാണ്. കാര്യമായ പണിയൊന്നുമില്ലാത്ത ഗവ. ചീഫ് വിപ്പ് പദവി പുനഃസൃഷ്ടിച്ച്, സി.പി.ഐയെ തൃപ്തിപ്പെടുത്താന്‍ അഞ്ചുകോടി രൂപയുടെ അധികച്ചെലവാണു സര്‍ക്കാര്‍ ഖജനാവിനു വരുത്തിവച്ചത്.

Top