ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; സിപിഐയും കോണ്‍ഗ്രസ്സും എതിര്‍ത്തു, സിപിഎം ലക്ഷ്മിനായര്‍ക്കൊപ്പം നിന്നു

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കൂടിയ സിന്‍ഡിക്കേറ്റ് യോഗം അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. കോണ്‍ഗ്രസ്സിലെ അംഗങ്ങളും സിപിഐ അംഗങ്ങളും അഫിലിയേഷന്‍ റദ്ദാക്കണമെന്ന തീരുമാനത്തിലായിരുന്നെങ്കിലും സിപിഎം ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. 8ന് എതിരെ 12 വോട്ടുകള്‍ക്കാണ് റദ്ദാക്കല്‍ നടപടി തള്ളിയത്. അതേസമയം ലോ അക്കാദമി പരീക്ഷ ഉപസമിതി റിപ്പോര്‍ട്ട് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

ലോ അക്കാദമിയിലെ മാര്‍ക്ക് ദാനത്തില്‍ തുടരന്വേഷണത്തിന് തീരുമാനം. ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ചും അന്വേഷണം നടത്തും. എല്‍എല്‍ബി ബിരുദം വ്യാജമാണോയെന്നാണ് പരിശോധിക്കുക. ഒരേ സമയം ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്തെന്ന ആരോപണത്തിലാണ് പരിശോധന നടക്കുക. ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദമാണ് അന്വേഷിക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴിയാണ് ലക്ഷ്മി നായര്‍ എല്‍എല്‍ബിക്ക് ചേര്‍ന്നിരുന്നത്. എല്‍എല്‍ബിക്കു പഠിക്കുമ്പോള്‍ തന്നെ ആന്ധ്ര വെങ്കിടേശ്വര സര്‍വകലാശാലയില്‍ ഹിസ്റ്ററി എംഎയ്ക്കും ലക്ഷ്മി നായര്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. ഒരേ സമയം രണ്ടു കോഴ്സ് പഠിക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ കേരള സര്‍വകലാശാല നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്സ് നഷ്ടപ്പെടും. അതിനാലാണ് ബിരുദത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് യോഗത്തില്‍ യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലോ അക്കാദമിയുടെ അഫിലിയേഷന്‍ പിന്‍വലിക്കാനാവില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. അത്ര ഗുരുതരമായ പ്രശ്നങ്ങള്‍ ലോ അക്കാദമിയില്‍ ഇല്ലെന്നാണ് സിപിഐ(എം) സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വാദം.
ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലയളവില്‍ ലോ അക്കാദമിയില്‍ നടന്ന മാര്‍ക്ക് ദാനത്തിലാണ് തുടരന്വേഷണമുണ്ടാവുക. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായരില്‍ നിന്നും ഭാവി മരുമകള്‍ അനുരാധ നായരില്‍ നിന്നും മൊഴിയെടുക്കാനും തീരുമാനമായി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതിയുടെ തീരുമാനം സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് ഘടന പുനഃപരിഷ്‌കരിക്കാനുള്ള ഉപസമിതി ശുപാര്‍ശയും സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

ഉച്ചക്ക് നടന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്‍പായാണ് ഉപസമിതിയുടെ ശുപാര്‍ശകള്‍ അവതരിപ്പിച്ചത്. പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ലക്ഷ്മിനായരെ ഉപസമിതി നീക്കിയിട്ടുണ്ട്. ഈ മാസം 23നായിരിക്കും ലക്ഷ്മിനായരില്‍ നിന്നും മൊഴിയെടുക്കുന്നത്. തുടര്‍ന്നാണ് അഫിലിയേഷന്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രമേയം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ എട്ടിനെതിരെ 12 വോട്ടുകള്‍ക്ക് തള്ളിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ലക്ഷ്മി നായരെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.

Top