സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കം; മുഖ്യമന്ത്രിയും മന്ത്രിമാരും സമരം തുടങ്ങി

തിരുവനന്തപുരം :കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യാഗ്രഹം തുടങ്ങി. തിരുവനന്തപുരം റിസര്‍വ് ബാങ്കിനുമുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സത്യഗ്രഹം.

കേരളത്തിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിക്കുന്ന സഹകരണ ബാങ്കുകളെ വേരോടെ പിഴുതെറിയാനുള്ള ബിജെപി നീക്കത്തിനെതിരെയാണ് സത്യാഗ്രഹം. വിവിധ സാമൂഹ്യ സംഘടനകളും ബഹുജനസംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കാല്‍നടജാഥയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രിമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരവേദിയില്‍ എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കക്ഷിനേതാക്കളും മുഖ്യമന്ത്രിയെ കണ്ട് സഹകരണ മേഖലയ്‌ക്കെതിരായ ഗൂഢാലോചനയ്‌ക്കെതിരെ പിന്തുണ അറിയിച്ചിരുന്നു. സഹകരണമേഖല തകര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം തകരുമെന്ന വികാരം എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പങ്കിട്ടു. തുടര്‍ന്നാണ് പ്രക്ഷോഭത്തിന്റെ ആദ്യപടിയെന്ന നിലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹമിരിക്കാന്‍ തീരുമാനിച്ചത്. സത്യഗ്രഹത്തിന് പിന്തുണ നല്‍കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

അസാധുവാക്കിയ കറന്‍സി നോട്ട് മാറുന്നതിന് സ്വകാര്യ ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കടക്കം അനുമതി നല്‍കിയപ്പോഴും സഹകരണമേഖലയെ കേന്ദ്രം ഒഴിവാക്കുകയായിരുന്നു. സഹകരണമേഖലയെ ശ്വാസംമുട്ടിക്കുകമാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. ബിജെപിയുടെ രാഷ്ട്രീയഗൂഢാലോചന നടപ്പാക്കാന്‍ റിസര്‍വ് ബാങ്കിനെ ഉപയോഗിക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ പടര്‍ന്നുകിടക്കുന്ന സഹകരണ ബാങ്കുകളെ കറന്‍സി മാറ്റിനല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയതിലൂടെ വലിയ സാമ്പത്തികപ്രതിസന്ധിയാണ് ഉണ്ടായത്. ബിജെപി ദേശീയനേതാക്കള്‍മുതല്‍ സംസ്ഥാനനേതാക്കള്‍വരെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രമെന്ന് തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തു.

Top