കണ്ണൂർ: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തുന്നതില്‍ ഇടതുപക്ഷം ഒന്നാകെ വിളറിപിടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ വരെ നടത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയ അശ്ലീല പരാമര്‍ശങ്ങളെ തോല്‍പ്പിക്കുന്ന രീതിയിലാണ് ഇടതുപക്ഷത്തിന്റെ പ്രചരണം കൊഴുക്കുന്നത്.
ഇതിന്റെ ഉത്തമ ഉദാഹരണമാണ് പാര്‍ട്ടി പത്രത്തിലൂടെ നടത്തിയ പപ്പു എന്ന പരാമര്‍ശം. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്ന തലക്കെട്ടടക്കം ഇടതുപക്ഷത്തിന്റെ ഇക്കാര്യത്തിലെ മതിഭ്രമമാണ് കാണിക്കുന്നത്.ഇതിന് മാപ്പ് പറഞ്ഞ് നാവെടുക്കുന്നതിന് മുന്നേ രാഹുലിനെ ‘അമുല്‍ ബേബി’യെന്നു വീണ്ടും പരിഹസിച്ചു മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്തെത്തി.
ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ രാഹുലിനെ മത്സരിപ്പിക്കരുതെന്ന സിപിഎം നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതിന്റെ കടുത്ത അമര്‍ഷവും അങ്കലാപ്പും പാര്‍ട്ടിക്കുണ്ട്. സിപിഎമ്മിനും സിപിഐക്കും വിജയസാധ്യതയുള്ള ലോക്‌സഭാ സീറ്റുള്ള ഏക സംസ്ഥാനം കേരളമായിരിക്കെ ഇവിടെ രാഹുല്‍ മത്സരിക്കുന്നത് ആ വഴിയടയ്ക്കുമോയെന്ന ഉദ്വേഗത്തിലാണ് ഇരുപാര്‍ട്ടികളും. മുഖപ്രസംഗത്തിലൂടെ ‘ദേശാഭിമാനി’ ആ പ്രതിഷേധം മറയില്ലാതെ പ്രകടിപ്പിക്കുകയായിരുന്നു.
അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിക്കെതിരെ രാഹുല്‍ തോല്‍ക്കുമെന്നു വരെ പത്രം പറഞ്ഞുവച്ചു. വ്യക്തിപരമായ വിമര്‍ശനം ഇനിയുണ്ടാകില്ലെന്നു നേതൃത്വം വ്യക്തമാക്കിയെങ്കിലും അതൊന്നും പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്. കേരളം ഒന്നാകെ കൈവിട്ടുപോകുമെന്ന രഹസ്യ വിലയിരുത്തലാണ് സിപിഎമ്മിന്റെ നേതൃത്വം സ്യകാര്യമായി നടത്തിയിരിക്കുന്നത്.
അണികളില്‍ വരെ അറപ്പും വെറുപ്പും സൃഷ്ടിക്കുന്ന പദപ്രയോഗങ്ങളുമായാണ് ഇടത് നേതാക്കള്‍ കളം നിറയുന്നത്. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാത്രമേ ഈ പ്രയോഗങ്ങള്‍ ഉപയോഗപ്പെട്ടുള്ളൂ. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ആവര്‍ത്തിച്ച് നടത്തുന്ന അശ്ലീല പരാമര്‍ശങ്ങള്‍ പികെ ബിജുവിനെതിരായ വോട്ടുകളായി മാറിക്കഴിഞ്ഞു.