ഇടതു മുന്നണിയക്കു 85 – 92 സീറ്റ്; കോൺഗ്രസ് 20 ൽ താഴെ സീറ്റിലൊതുങ്ങും: ബിജെപി രണ്ടു സീറ്റ് നേടും: സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന സമിതിയിൽ

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രീ പോൾ സർവേയ്ക്കായി സിപിഎം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്ഥാന സമിതിയ്ക്കു സമർപ്പിച്ചു. കേരള സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവും എംഎ പൊളിറ്റിക്കൽ സയൻസ് വിഭാഗവും രഹസ്യമായി നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സിപിഎം നിയോഗിച്ച ഇതേ പഠന സമിതിയുടെ റിപ്പോർട്ട് കൃത്യമായിരുന്നു. ഇതേ തുടർന്നാണ് പഠനം നടത്താൻ ഇവരെ തന്നെ നിയോഗിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി പദ്ധതി തയ്യാറാക്കിയത്.
സർവകലാശാലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏഴു ഭാഗങ്ങളായി തിരിച്ചായിരുന്നു സർവേ നടത്തിയത്. രണ്ടു ജില്ലകളെ ഒരു ടീമിന്റെ കയ്യിൽ ഏൽപ്പിച്ചായിരുന്നു സർവേ. ഈ ടീമിൽ രണ്ടു പേർ അടങ്ങുന്ന പന്ത്രണ്ടു ഗ്രൂപ്പുകളുണ്ടായിരുന്നു. പ്രധാന വോട്ട് കേന്ദ്രങ്ങളായ കോളനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവരിൽ നിന്നാണ് പ്രധാനമായും സംഘം സർവേ ഫലം ശേഖരിച്ചത്. തുടർന്നു തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റിയ്ക്കു സമീപം ചേർന്ന യോഗത്തിൽ കഴിഞ്ഞ ആഴ്ചയാണ് സംഘം തിരഞ്ഞെടുപ്പു ഫലം ക്രോഡീകരിച്ച് കൃത്യമായ ഫലം പുറത്തിറക്കിയിരിക്കുന്നത്. സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പലയിടത്തും സർവേ സംഘത്തിനു സഹായവം ലഭിച്ചിരുന്നു.
സർവേ ഫലം അനുസരിച്ചു സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണി 85 മുതൽ 92 സീറ്റുവരെ നേടി അധികാരത്തിൽ എത്തും. സിപിഎമ്മിനു 65- 67 സീറ്റും, സിപിഐയ്ക്കു 13-15 സീറ്റും ലഭിക്കും. മറ്റു ഘടകകക്ഷികൾക്കെല്ലാം കൂടി 5- 7 സീറ്റുവരെ ലഭിക്കാം. യുഡിഎഫിനു 46- 53 വരെ സീറ്റുകൾ ലഭിക്കാം. മുന്നണിൽ കോൺഗ്രസാവും ഏറ്റവും കൂടുതൽ തകർച്ച നേരിടാൻ സാധ്യത. 18 മുതൽ 20 സീറ്റുവരെ മാത്രമേ കോൺഗ്രസിനു ലഭിക്കാൻ സാധ്യതയുള്ളൂ എന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുസ്ലീം ലീഗ് ആകും യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കേരള കോൺഗ്രസിന്റെ പതിനഞ്ചു സീറ്റിൽ അഞ്ചു സീറ്റു മാത്രമേ വിജയിക്കാൻ സാധ്യതയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചരിത്രത്തിൽ ആദ്യമായി ബിജെപിക്കു കേരള നിയമസഭയിൽ രണ്ടു അംഗങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം, കാസർകോട് രണ്ടു ജില്ലകളിലാണ് ഇപ്പോൾ ബിജെപിക്കു ഓരോ സീറ്റു വീതം ലഭിക്കാൻ സാധ്യതയുണ്ടാകുമെന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top