ന്യൂഡല്‍ഹി:മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും.യശ്വന്ത് സിന്‍ഹയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനെയും നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇരുനേതാക്കളെയും പിന്മാറിയതിനെ തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയിലേക്ക് എത്തിയത്. നിലവിൽ തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനായ സിൻഹയുടെ പേരു പരിഗണിക്കുന്നത്. സ്ഥാനാർഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂലിൽനിന്നു രാജിവയ്ക്കണമെന്നു കോൺഗ്രസും ഇടതുപാർട്ടികളും ഉപാധി വച്ചു.
സ്ഥാനാർഥിയായേക്കുമെന്ന് സൂചിപ്പിച്ച് യശ്വന്ത് സിൻഹ ട്വീറ്റും ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി. ബിജെപി നേതാവായിരുന്ന സിൻഹ 2018ലാണ് പാർട്ടി വിട്ടത്. പിന്നീട് 2021ൽ തൃണമൂലിൽ ചേർന്നു. ‘‘തൃണമൂൽ കോൺഗ്രസിൽ മമതാജി (മമത ബാനർജി) എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനാണ്. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഞാൻ പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട സമയം സംജാതമായിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ – യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
സ്ഥാനാർഥിവിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ ഇന്നുച്ചയ്ക്ക് 2.30ന് യോഗം ചേരും. അതിനു മുൻപു പേരു സംബന്ധിച്ചു ധാരണയുണ്ടാക്കാൻ രാവിലെ അനൗപചാരിക യോഗവുമുണ്ട്. ഇന്നലെ രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിലാണു സിൻഹയുടെ പേരു പരിഗണിച്ചത്. മമത ബാനർജി നേരത്തേതന്നെ സിൻഹയുടെ പേരു സൂചിപ്പിച്ചിരുന്നു.
സ്ഥാനാർഥിയാവാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീടു മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിൻമാറി. ആലോചിക്കട്ടെയെന്നു പറഞ്ഞ ഗോപാൽകൃഷ്ണ ഗാന്ധി ഇന്നലെയാണു തീരുമാനം പറഞ്ഞത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികളാണു പങ്കെടുത്തത്. ക്ഷണമുണ്ടായിരുന്നതിൽ ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, അകാലിദൾ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ വിട്ടുനിന്നു.