ഇന്റര്‍നെറ്റില്‍ ലീലയുടെ വ്യാജന്‍ വിലസുന്നു; ഇതുവരെ കണ്ടത് 15,000 ലധികം പേര്‍

കൊച്ചി: തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും നടത്തി വാര്‍ത്ത സൃഷ്ടിച്ച രഞ്ജിത്ത് ബിജുമേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രം ലീലയുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നു. ചില വെബ്‌സൈറ്റുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലുമാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ആരാണ് വ്യാജസിനിമ പ്രചരിപ്പിക്കുന്നതെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. 15,000 ല്‍ അധികം പേര്‍ ഇതുവരെ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപ്രിന്റ് കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും ലീല ടീം നടത്തിയിരുന്നു. റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴികെ ലോകത്ത് എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണുന്നതിനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്. ഇതുവഴിയാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് റിലീസിങ്ങിനൊരുങ്ങിയ ചിത്രം എന്ന പേരില്‍ ലീല ഏറെ ചര്‍ച്ചയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള ചില പ്രശ്‌നങ്ങള്‍ മൂലം തീയറ്ററുകള്‍ ലഭിക്കാതിരുന്നതാണ് ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിന് തീയറ്ററുകള്‍ ലഭിക്കുകയായിരുന്നു. മികച്ച പ്രതികരണം സ്വന്തമാക്കിയ ലീല നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരാണ് നായിക. ചിത്രത്തില്‍ കുട്ടിയപ്പനെന്ന കഥാപാത്രമായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നു. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Top