വ്യാപക അക്രമം: സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി; തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യം

അഗര്‍ത്തല: വ്യാപക അക്രമത്തെ ഭയന്ന് സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രമേന്ദ്ര നാരായണ്‍ ദബര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ത്രിപുരയിലെ ചാരിലാന്‍ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നിന്നുമാണ് സിപിഎം പിന്മാറിയത്. മണ്ഡലത്തിലാകെ സിപിഎം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ അക്രമം നടന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

ഇത് സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതോടെയാണ് സിപിഎം തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്. അതേസമയം ബിജെപി-ഐപിഎഫ്ടി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരിലാന്‍ മണ്ഡലത്തില്‍, ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ജിഷ്ണു ദേബ്ബര്‍മ്മനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടുത്തെ ആദിവാസി മേഖലയിലെ രാജകുടുംബാംഗമാണ് ഇദ്ദേഹം. ഐപിഎഫ്ടി നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് സംസ്ഥാനത്ത് ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ചത്. പലാഷ് ദേബ്ബര്‍മ്മയായിരുന്നു മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി.

ഇടതുമുന്നണി സംസ്ഥാന നേതൃ യോഗം ഐകകണ്‌ഠേനയാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ സിപിഎമ്മിന്റെയും ആര്‍എസ്പിയുടെയും 11 ഓഫീസുകള്‍ ആക്രമിക്കപ്പെടുകയും തീവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ മോട്ടോര്‍ തൊഴിലാളി യൂണിയന്റെ രണ്ട് ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറി. ഇടതുമുന്നണിയുടെ 19 നേതാക്കളാണ് ആക്രമിക്കപ്പെട്ടത്.

”ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ പോലും സാധിക്കുന്നില്ല. പൊലീസ് സുരക്ഷയില്‍ പോലും സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലേക്ക് കടക്കാന്‍ സാധിക്കാത്ത നിലയിലാണ് കാര്യങ്ങള്‍,” സിപിഎം കുറ്റപ്പെടുത്തി.

Top