സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ചു ജീവിതം നയിക്കുന്നതും വിവാഹം ചെയ്യുന്നതുമെല്ലാം ഇപ്പോള്‍ പതിവാണ്. ലോസ് ആഞ്ചല്‍സില്‍ സ്ഥിരതാമസമാക്കിയ രണ്ട് സ്വവര്‍ഗാനുരാഗികള്‍ പക്ഷേ ലോകത്തെ വിവിധ രാജ്യങ്ങളിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. ലോകത്ത് നിയമപരമായി സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹം ചെയ്യാന്‍ തടസ്സമില്ലാത്ത 22 രാജ്യങ്ങളില്‍ വിവാഹം നടത്തണമെന്നതായിരുന്നു ഫയര്‍ ജൂലിയന്‍ ദമ്പതികളുടെ സ്വപ്‌നം. സ്വപ്‌ന സാഫല്യത്തിനായി ഇരുവരും യാത്ര ആരംഭിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ വിവാഹിതരായ ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ യാത്ര തുടങ്ങിയത്. ലോകത്ത് വിവാഹം എന്നാല്‍ ഒരു സങ്കല്‍പ്പം മാത്രമേ പാടുള്ളൂ എന്ന് സമൂഹത്തിനെ ബോധവല്‍ക്കരിക്കാനായിരുന്നു അവര്‍ ഈ യാത്ര നടത്തിയത്. ഈ സമയത്താണ് 39കാരിയായ ജൂലിയന് ക്യാന്‍സര്‍ രോഗം പിടിപ്പെടുന്നത്. എല്ലാ സ്വപ്‌നങ്ങളെയും തകര്‍ക്കാനെത്തിയ വില്ലനായ രോഗത്തിനോട് പൊരുതാന്‍ തന്നെ തീരുമാനിച്ചു.
2017 ഡിസംബറിലാണ് ജൂലിയന്റെ രോഗം തലച്ചോറിനെയും ഹൃദയത്തേയും ബാധിച്ചുവെന്ന് അറിയുന്നത്. പിന്നീടുള്ള ഇവരുടെ യാത്രകള്‍ ഒഴിവാക്കേണ്ടിവന്നു. വിദേശ വിവാഹയാത്രകളില്‍ നാലെണ്ണം മാത്രമേ അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളൂ. യാത്രയിലുടനീളം പകര്‍ത്തിയ ചിത്രങ്ങള്‍ ഇവരുടെ ആത്മബന്ധം കാണിച്ചുതരുന്നവയാണ്. നേരത്തെ ബ്രസ്റ്റ് ക്യാന്‍സറിനോട് പൊരുതിയ ജൂലിയന്‍, ഫ്രാന്‍സിലെ വിവാഹത്തിന് ശേഷമാണ് താന്‍ വീണ്ടും രോഗബാധിതയായെന്ന കാര്യം അറിയുന്നത്. യാത്ര ബുദ്ധിമുട്ടായതിനാല്‍ ഫ്രാന്‍സില്‍ തന്നെയാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
ഇപ്പോള്‍ എല്ലാം വേഗത്തിലാണ് പോകുന്നത്. അവള്‍ക്ക് ഇപ്പോള്‍ തീരെ ഓര്‍മ്മയില്ല. നടക്കാന്‍ പോലും കഴിയുന്നില്ല. അവളുടെ തലച്ചോറിന് അവള്‍ എവിടെയാണെന്ന് പോലും അറിവില്ല. തന്റെ പ്രിയതമയുടെ രോഗം അവളെ ശാരീരികമായി തളര്‍ത്തിയെന്ന് പങ്കാളി ഫഌയര്‍ പറയുന്നു. അവള്‍ ഉറങ്ങുമ്പോള്‍ എനിക്ക് പേടിയാണ്. ഉറക്കത്തില്‍ നിന്ന് അവള്‍ എഴുന്നേറ്റില്ലെങ്കിലോ എന്ന പേടി. ഒരുമിച്ച് യാത്രകള്‍ ചെയ്യാനായി അവള്‍ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. ആശുപത്രി കിടക്കയില്‍ അവള്‍ ദുഃഖിതയാണ്. അവിടെ കിടത്തിയിട്ടും കാര്യമില്ല. അതുകൊണ്ട് ഞാന്‍ അവളെ എന്റെ വീട്ടിലേക്ക് തിരികെകൊണ്ടുവന്നു. സ്വപ്‌നങ്ങള്‍ തേടിയുള്ള തങ്ങളുടെ ബാക്കിയുള്ള 22 വിവാഹ യാത്രകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.