തിരുവനന്തപുരം: ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേസ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. സംഭവത്തില്‍ ‘അമ്മ’യില്‍ നിന്നും നടിമാര്‍ കൂട്ടരാജി വെച്ച സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു. സംഘടനയില്‍ പിളര്‍പ്പുണ്ടാവാതിരിക്കാന്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് മോഹന്‍ലാലിനെ ഈ പദവി. ഈ സമയത്ത് തന്നെ അമ്മ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ വേദനയുണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഹൈക്കോടതി പ്രഥമദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍, താരത്തെ തിരിച്ചെടുക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്നും ബഷീര്‍ ചോദിച്ചു. കോടതിയില്‍ ഇനി ദിലീപിന് തന്നെ അമ്മ കുറ്റ വിമുക്തനാക്കി എന്നത് ന്യായവാദമായി ഉന്നയിക്കാന്‍ സാധിക്കും. നടിമാര്‍ അമ്മയുടെ വേദിയില്‍ അഭിപ്രായം പറയാഞ്ഞത് കൂവല്‍ കേട്ട് പുറത്ത് വരേണ്ടി വരും എന്നുള്ളത് കൊണ്ടാണ്. പെണ്‍കുട്ടികളല്ലേ അവര്‍, അവര്‍ക്കതറിയാം. ബഷീര്‍ പറഞ്ഞു.
നേരത്തെ ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ചിരുന്നു. ആക്രമത്തെ അതിജീവിച്ച നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടനയില്‍ നിന്നും രാജിവെച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്.
വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ പ്രവര്‍ത്തനങ്ങളേയും ശ്രമങ്ങളേയും ഫാന്‍സ് അസോസിയേഷനുകളിലൂടേയും മസില്‍ പവറിലൂടെയും തരംതാണ ആക്ഷേപഹാസ്യത്തിലൂടേയും പരിഹസിക്കുകയാണ് സംഘടനയും പ്രവര്‍ത്തകരും ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ഈ നടപടി അമ്മയുടെ തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്നും പോസ്റ്റില്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എഴുതുന്നുണ്ട്.