ലൈഫ് മിഷൻ കേസിൽ വലിയ ഗൂഢാലോചന നടന്നു എന്ന് സിബിഐ.വാദം പൂർത്തിയായി.സർക്കാരിന് കുരുക്കായി ജി.ശങ്കറിന്‍റെ വെളിപ്പെടുത്തല്‍

കൊച്ചി:ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. എം ശിവശങ്കർ, സ്വർണക്കടത്ത് പ്രതികൾ, യൂണിടാക് എന്നിവർ ചേർന്ന് ലൈഫ് മിഷനെ അട്ടിമറിച്ചു. ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും സിബിഐ വാദിച്ചു. കോടതി, കേസ് വിധി പറയാനായി മാറ്റി.സിബിഐ കേസ് ഡയറി ഹാജരാക്കിയിരുന്നു. സീൽഡ് കവറിലാണ് ഹാജരാക്കിയത്. എഫ്സിആർഎ നിലനിൽക്കില്ല എന്ന സർക്കാർ വാദത്തെ സിബിഐ എതിർത്തു. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഒരു പക്ഷേ സാക്ഷികളായേക്കാമെന്നും സിബിഐ പറഞ്ഞു. അതിന് അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ പ്രതികളാകും. എന്നാൽ യുവി ജോസിനെ കുറ്റക്കാരനായി ആരോപിക്കുന്നില്ല. സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ലെന്നും സിബിഐ പറഞ്ഞു.

അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്നായിരുന്നു സർക്കാരിൻ്റെ വാദം. ലൈഫ് മിഷൻ ഇടപാടിൽ ബന്ധമില്ലെന്നും ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്നും സർക്കാർ പറഞ്ഞു. യുണീടാകിന് റെഡ്ക്രസന്റ് നേരിട്ടാണ് പണം നൽകിയത്. സർക്കാരിന് പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. പ്രളയ ബാധിതർക്കുള്ള ഭവന പദ്ധതിക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയുണ്ടാക്കിയതെന്ന് സർക്കാർ പറഞ്ഞു. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിബിഐയുടെ എഫ്ഐആറിൽ വൈരുദ്ധ്യങ്ങളുണ്ട്. സർക്കാർ നേരിട്ട് വിദേശഫണ്ട് കൈപ്പറ്റിയിട്ടില്ല. എഫ്സിആർഎ ചട്ടത്തിന്റെ പരിധിയിൽ ഈ ഇടപാട് വരുന്നില്ല. ഈ ചട്ടത്തിന്റെ ഉദ്ദേശം തന്നെ മറ്റൊന്നാണെന്നും സർക്കാർ പറഞ്ഞു. ഇത് കള്ളപ്പണം വെളുപ്പിക്കലോ, ഹവാലായോ അല്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇയിലെ സ്പോൺസർക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാബിറ്റാറ്റിനോട് പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കാന്‍ സർക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കറിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് കുരുക്കാവുന്നു. ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെയാണ് പദ്ധതി നിർത്തി വെക്കുകയാണെന്ന് സർക്കാർ അറിയിച്ചത്. 32 കോടിയുടെ ടെൻഡർ നൽകിയെന്ന സർക്കാർ വാദം വാസ്തവ വിരുദ്ധമാണെന്നും ഹാബിറ്റാറ്റ് ലൈഫ് മിഷന്‍റെ കൺസൾട്ടസി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഹാബിറ്റാറ്റ് കൂടുതൽ തുകയ്ക്ക് ക്വാേട്ട് ചെയ്തതാണ് നിർമ്മാണം യൂണിടാക്കിനെ ഏൽപ്പിച്ചതെന്ന സർക്കാർ വാദമാണ് ഹാബിറ്റാറ്റ് ചെയർമാൻ ശങ്കറിന്‍റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു വീണത്. ഹാബിറ്റാറ്റ് ലൈഫ് മിഷൻ പദ്ധതി രേഖ തയ്യാറാക്കി നൽകുന്ന കൺസൾട്ടസി മാത്രമാണ്. ലൈഫ് മിഷന്‍റെ അവശ്യപ്രകാരം 32 കോടിയുടെ പദ്ധതി രേഖയാണ് ആദ്യം തയ്യാറാക്കി നൽകിയത്.

234 യൂണിറ്റിന് 32 കോടി രൂപയുടെ പദ്ധതി രേഖ തയ്യാറാക്കി നൽകിയപ്പോൾ തുക കുറയ്ക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടു. ഇതോടെ 203 യൂണിറ്റുകൾക്ക് 27 കോടിയുടെ ചെലവ് ചൂണ്ടിക്കാട്ടി പദ്ധതി രേഖ പുതുക്കി. എന്നാൽ സാമ്പത്തിക സഹായം നൽകുന്ന യു.എ.ഇയിലെ സ്പോൺസറുടെ പ്രശ്നങ്ങൾ മുൻനിർത്തി എല്ലാ ചെലവും 15 കോടിക്കുള്ളിൽ നിർത്തണമെന്ന് കാട്ടി ലൈഫ് മിഷൻ സി.ഇ.ഒ കത്ത് നൽകി.

റെഡ് ക്രസന്‍റ് ധാരണാപത്രം ഒപ്പിട്ട ശേഷം ജൂലൈ 18നാണ് വീണ്ടും തുക കുറയ്ക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇതോടെ12.50 കോടിയുടെ പദ്ധതി രേഖ തയ്യാറാക്കുമ്പോൾ സ്പോൺസർ പിൻമാറി എന്ന കാര്യം ചൂണ്ടിക്കാട്ടി പദ്ധതി തയ്യാറാക്കൽ നിർത്തി വെക്കാനും പറഞ്ഞു. പദ്ധതി രേഖയിൽ യൂണിടാക്ക് മാറ്റം വരുത്തിയോ എന്നറിയില്ലെന്നും ശങ്കർ വ്യക്തമാക്കുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ലൈഫ് മിഷന്‍റെ കൺസൾട്ടൻസി പദവി ഹാബിറ്റാറ്റ് ഒഴിയുകയും ചെയ്തു.
നിലവിൽ 20 കോടിക്ക് നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി പദ്ധതിയെ പറ്റി ഉയരുന്ന ആരോപണങ്ങൾക്ക് സർക്കാരും മുഖ്യമന്ത്രിയും പ്രതിരോധം തീർക്കുന്നതിനിടെ പുറത്തു വന്ന ശങ്കറിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് ഏറെ തിരിച്ചടിയാവും.

Top