അബുദാബി : 41 വര്‍ഷം നീണ്ട പ്രവാസത്തിനൊടുവില്‍ സന്തോഷത്തോടെ തോമസ് വര്‍ഗീസ് കേരളത്തിലേക്ക് മടങ്ങുകയാണ്. തന്റെ ജീവിതം മാറ്റി മറിച്ച യുഎഇയോടുള്ള കടപ്പാടും നെഞ്ചേറ്റിയാണ് ഈ മലയാളി ജന്‍മനാട്ടിലേക്ക് മടങ്ങുന്നത്. ഡിസംബര്‍ 10 ന് തോമസ് വര്‍ഗീസിന്റെ പ്രവാസ ജീവിതത്തിന് പര്യവസാനമാകും. അതി സാധാരണമായ ചുറ്റുപാടില്‍ നിന്ന് യുഎഇയിലെത്തി ജീവിതം വെട്ടിപ്പിടിക്കുകയായിരുന്നു ഇദ്ദേഹം. 1976 മാര്‍ച്ച് 10 നാണ് തോമസ് യുഎഇയിലെത്തുന്നത്. പത്താംക്ലാസ് വിദ്യാഭ്യാസ ശേഷം ടൈപ്പിലെ പ്രവീണ്യവുമായാണ് ഇദ്ദേഹമെത്തിയത്. ചില സ്വകാര്യ കമ്പനികളില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഡ്രെയിനേജ് ഡിപ്പാര്‍ട്‌മെന്റില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. ഹെല്‍പ്പര്‍ തസ്തികയിലായിരുന്നു നിയമനം. 600 ദിര്‍ഹമായിരുന്നു ആദ്യ ശമ്പളം.മാന്‍ഹോളുകള്‍ വൃത്തിയാക്കുകയായിരുന്നു ജോലി. വെറും കൈ ഉപയോഗിച്ചുവേണമായിരുന്നു അന്ന് ജോലി ചെയ്യാന്‍. മലം നീക്കം ചെയ്യുന്ന പ്രവൃത്തിയായതിനാല്‍ സഹപ്രവര്‍ത്തകര്‍ക്ക് തന്നെ ഇഷ്ടമല്ലായിരുന്നു. അവര്‍ എപ്പോഴും അകലം പാലിച്ച് നില്‍ക്കും. വീട്ടുകണക്ഷനുകള്‍ തുറന്ന് വിട്ട് മേലധികാരികള്‍ തന്റെ ദേഹത്ത് മലം വീഴ്ത്തിയിട്ടുണ്ട്. ദുരിതപൂര്‍വമായ ആ ജോലിക്കിടെ പലകുറി പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നും കണ്ണീര്‍ വാര്‍ത്തേ ഉറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. ദുരിതങ്ങളെല്ലാം വിവരിച്ച് അമ്മയ്ക്ക് കത്തെഴുതി. എന്നാല്‍ കുടുംബത്തെയോര്‍ത്ത് ജോലിയില്‍ തുടരാനായിരുന്നു അമ്മയുടെ നിര്‍ദേശം. അത്ര ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ നിന്നായിരുന്നു പ്രതീക്ഷയോടെ യുഎഇയിലെത്തിയത്. എന്നാല്‍ 1982 ല്‍ നല്ലപാതിയായി കുഞ്ഞുമോള്‍ കടന്നുവന്നതോടെ തോമസിന്റെ ജീവിതം അടിമുടി മാറി. തോമസിന് സ്റ്റോര്‍ വകുപ്പിലേക്ക് ജോലിക്കയറ്റം കിട്ടി.നാട്ടിലെ ജോലി ഉപേക്ഷിച്ച് ഭാര്യ കുഞ്ഞുമോളും അബുദാബിയിലെത്തി. 15 വര്‍ഷത്തോളം അവര്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി നോക്കി. 1976 മുതല്‍ 2003 വരെ തോമസ് ഡ്രെയിനേജ് വകുപ്പിലായിരുന്നു. പിന്നീട് ഒരു സ്വകാര്യ കമ്പനിയുടെ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചു. മൂന്നുമക്കളാണ് ഈ ദമ്പതികള്‍ക്ക്. ഷിംസി ഷാര്‍ജയിലും, സിമ്മി ന്യൂസിലാന്‍ഡിലും, സിനി ദുബായിലും കുടുംബം നയിക്കുന്നു. യുഎഇയെ ഉന്നതിയിലേക്ക് നയിച്ച രാഷ്ട്രപിതാവ് ഷെയ്ക്ക് സയ്യിദിന്റെ ദീര്‍ഘവീക്ഷണങ്ങളെ പ്രശംസിക്കാന്‍ ഇദ്ദേഹത്തിന് വാക്കുകളില്ല. അദ്ദേഹത്തിന്റെ ഛായാചിത്രവും നെഞ്ചോടടുക്കിയാണ് വര്‍ഗീസ് മടങ്ങുന്നത്.