ഒരേ ജോലിക്ക് തുല്യ വേതനം; ലിംഗസമത്വം ഉറപ്പാക്കാന്‍ പുതിയ നിയമം നിര്‍മിച്ച് യുഎഇ

ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ചരിത്രപ്രധാനമായ നിയമം നിര്‍മിച്ച് യുഎഇ ഭരണകൂടം. ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം ലഭിക്കും. ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. ചൊവ്വാഴ്ചയാണ് യുഎഇ കാബിനറ്റ് യോഗം കൂടി പുതിയ നിയമനിര്‍മാണത്തിന് തീരുമാനമായത്. ലിംഗഭേദമന്യേ എല്ലാവര്‍ക്കും തുല്യത ഉറപ്പു വരുത്താനാണ് ഈ നിയമനിര്‍മാണമെന്ന് ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു. ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നുണ്ട്. പുതിയ നിയമത്തിലൂടെ അത് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2017 ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തില്‍ മൊത്തം 144 രാജ്യങ്ങളില്‍ 120-ാം സ്ഥാനത്തായിരുന്നു യുഎഇ. യുഎഇ ഭരണകൂടത്തിന്റെ ഈ നടപടി സ്ത്രീ ശാക്തീകരണത്തിലേക്കുള്ള മുന്നോടിയാണെന്ന് ജനറല്‍ വിമണ്‍സ് യൂണിയന്‍ ചെയര്‍വുമണായ ശൈഖ് ഫാത്തിമ ബിന്‍ മുബാറക് പറഞ്ഞു. പൊതുഇടങ്ങളില്‍ സ്ത്രീക്ക് തുല്യമായ അവകാശങ്ങള്‍ യുഎഇയില്‍ ഇപ്പോള്‍ ലഭിക്കാറുണ്ടെന്നും ഈ നിയമം തൊഴിലിടങ്ങളിലും സ്ത്രീകളെ മുന്നിലേക്ക് കൊണ്ടുവരുന്നതിന് സഹായകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top