മദ്യനിരോധനം: സുപ്രീം കോടതിവിധിയുടെ തന്നെ അന്തസത്ത ഇപ്പോഴത്തെ വിധി ചോര്‍ത്തിക്കളയുന്നു. -വി.എം സുധീരൻ

തിരുവനന്തപുരം :ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി 15.12.2016 ലാണ് വന്നത്. തുടര്‍ന്ന് ഈ വിധിയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ വ്യക്തത വരുത്തിക്കൊണ്ട് 31.3.2017 ല്‍ സുപ്രീം കോടതി വീണ്ടും വിധി പ്രഖ്യാപിച്ചു. ഈ വിധി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. മദ്യശാലക്കാരും അവര്‍ക്ക് വേണ്ടി നിലക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാരുകളും മാത്രമാണ് ഇതില്‍ അസ്വസ്ഥരായത്. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങിയതില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു കേരള സര്‍ക്കാര്‍.

ഡിസംബര്‍ 15 ലെ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, മദ്യശാലക്കാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് വേണ്ടി ഏതാണ്ട് 160 ഓളം അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. ഡിസംബര്‍ 15 ലെ വിധിയുടെ അന്തസത്തക്കെതിരെ അവര്‍ ഉന്നയിച്ച വാദങ്ങളെല്ലാം നിരാകരിച്ചുകൊണ്ടായിരുന്നു മാര്‍ച്ച് 31 ലെ വിധി. ഇതോടെ സംസ്ഥാന-ദേശീയ പാതകളുടെ 500 മീറ്ററിനകത്തുള്ള മദ്യശാലകള്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടി. കേരളത്തിലും ആ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി. എങ്കിലും സുപ്രീം കോടതിവിധിയെ എങ്ങനെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നത്. കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം ദേശീയപാതകളുടെ പദവി തന്നെ ഇല്ലാതാക്കി മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ടത് ഹൈക്കോടതിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നെയും സംസ്ഥാനപാതകളുടെ പദവി താഴ്ത്തി ജില്ലാപാതകളാക്കി മാറ്റാനും അതുവഴി മദ്യശാലകള്‍ വ്യാപകമായി അനുവദിക്കാനും സര്‍ക്കാര്‍ നീക്കം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഛണ്ഡീഗഢ് ഭരണകൂടവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ വെബസൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട വിധി വന്നത്. ഇതിലാണ് നഗരപ്രദേശത്തെ പാതകള്‍ക്ക് മാര്‍ച്ച് 31 ലെ വിധി ബാധകമല്ലെന്നത് വന്നിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഛണ്ഡീഗഢ് ഭരണകൂടത്തിന്റെ നടപടി മാത്രമായിരുന്നു ബഹു. സുപ്രീം കോടതിയുടെ പരിഗണനാ വിഷയം. തന്നെയുമല്ല, മാര്‍ച്ച് 31 ലെ വിധിയില്‍ ഇളവ് വേണമെന്ന കേരളത്തിലെ ബാറുടമകളുടെ ആവശ്യവും സുപ്രീം കോടതി നിരാകരിച്ചതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ മാര്‍ച്ച് 31 ലെ വിധിയില്‍ എങ്ങനെ ഇപ്രകാരം വെള്ളം ചേര്‍ക്കപ്പെട്ടു എന്നുള്ളത് സ്വാഭാവികമായി ജനമനസുകളില്‍ ഉയരുന്ന ചോദ്യമാണ്. സുപ്രീം കോടതിവിധിയുടെ തന്നെ അന്തസത്ത ഇപ്പോഴത്തെ വിധി ചോര്‍ത്തിക്കളയുന്നു എന്നതില്‍ സംശയമില്ല. ഈ വിധി ജനവിരുദ്ധമാണ്. ജനനന്മയ്ക്കല്ല, ജനങ്ങളുടേയും നാടിന്റെയും നാശത്തിനാണ് ഈ വിധി വഴിയൊരുക്കുക. ബഹു. സുപ്രീം കോടതി തന്നെ ഈ വിധി പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും പ്രത്യാശിക്കുന്നതും. ഇതിനായി സുപ്രീം കോടതിയെ സമീപിക്കും. നേരത്തെ തന്നെ സുപ്രീം കോടതിവിധിയെ അട്ടിമറിക്കാന്‍ സര്‍വ്വശ്രമങ്ങളും നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിലാകെ മദ്യമൊഴുക്കാനുള്ള തീവ്രശ്രമത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. 466 എണ്ണം തുറക്കാന്‍ ഇപ്പോഴേ നടപടിയായി. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായി മദ്യശാലകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ നിരവധി പ്രദേശങ്ങളില്‍ മദ്യശാലകള്‍ക്കെതിരെ നടക്കുന്ന ജനകീയസമരങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഈ പോക്ക്. അധികാരത്തിന്റെ മുഷ്‌ക്കില്‍ ജനതാല്‍പര്യം വിസ്മരിച്ച് മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമീപനവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ജനകീയ മുന്നേറ്റം ഉയര്‍ന്നുവരും.

Top