ന്യൂഡല്‍ഹി:മനുഷ്യ വിസര്‍ജ്ജ്യത്തിലൂടെ കരള്‍ രോഗ ചികില്‍സ നടത്താം . കേള്‍ക്കുമ്പോള്‍ അറപ്പു തോന്നുമെങ്കിലും ഹെപ്പറ്റൈറ്റിസ് അടക്കമുള്ള മാരകമായ കരള്‍ രോഗങ്ങള്‍ക്ക് വലിയ ആശ്വാസമാകുകയാണ് മനുഷ്യ വിസര്‍ജ്ജ്യം ഉപയോഗിച്ചുള്ള പുതിയ ചികില്‍സാരീതി. അവയവ മാറ്റമെന്ന പോലെ മനുഷ്യ വിസര്‍ജ്ജ്യം ആരോഗ്യമുള്ള ഒരാളില്‍ നിന്ന് എടുത്ത് രോഗിയില്‍ കടത്തിവിടുകയാണിത്. ന്യൂദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ്(ഐഎല്‍ബിഎസ്) ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
ആരോഗ്യമുള്ള ബന്ധുവിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച, വിസര്‍ജ്ജ്യമാണ് ഉപയോഗിക്കേണ്ടത്. മദ്യപിച്ച് കരളിന് മഞ്ഞപ്പിത്തം ബാധിച്ച് മരണം മുന്നില്‍ക്കണ്ട രോഗികളിലാണിത് പരീക്ഷിച്ചത്. 87.5 ശതമാനം പേരുടെയും ആയുസ് ഒരു വര്‍ഷം നീട്ടാന്‍ കഴിഞ്ഞു. മറ്റു ചികില്‍സകള്‍ വഴി 33 ശതമാനം പേര്‍ക്കു മാത്രമേ എന്തെങ്കിലും ആശ്വാസം പകരാന്‍ കഴിഞ്ഞിരുന്നുള്ളൂ.2014 ഡിസംബര്‍ മുതല്‍ 2015 ഫെബ്രുവരി വരെയായി 195 രോഗികളിലാണ് പരീക്ഷിച്ചത്.
അവരില്‍ 51 പേര്‍ മദ്യപാനം മൂലം മഞ്ഞപ്പിത്തം ബാധിച്ച് മരണാസന്നരായിരുന്നു. ഒരു മാസം ജീവിച്ചിരിക്കാനുള്ള സാധ്യത പോലും തീരെക്കുറവായിരുന്നു. മാത്രമല്ല ഇവരില്‍ 38 പേര്‍ക്ക് സ്‌റ്റെറോയ്ഡ് നല്‍കാന്‍ പോലും സാധ്യമല്ലായിരുന്നു. ഇവരിലാണ് കര്‍ശന പരിശോധനകള്‍ക്കു ശേഷമെടുത്ത ബന്ധുക്കളുടെ വിസര്‍ജ്ജ്യം തുടര്‍ച്ചയായി ഏഴു ദിവസം മൂക്കിലിട്ട ട്യൂബിലൂടെ ചെറുകുടലിലേക്കും വന്‍കുടലിലേക്കും കടത്തിവിട്ടത്.
ഐഎല്‍ബിഎസ് ഡയറക്ടര്‍ ഡോ. എസ്‌കെ സരിനും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച ഡോ. സിറിയക് അബി ഫിലിപ്‌സും പറഞ്ഞു. സാധാരണ ചികില്‍സ നല്‍കിയവരേക്കാള്‍ വേഗത്തിലാണ് ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടത്. ഇത്തരം രോഗികളില്‍ വയറ്റില്‍ വെള്ളം കെട്ടുന്നത് അഞ്ചു ദിവസം കൊണ്ട് കുറഞ്ഞു. കരള്‍ രോഗം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം ക്ഷയിക്കുന്നതും (ഹെപ്പാറ്റിക് എന്‍സഫാലോപ്പതി) കുറഞ്ഞു.
കാരണം
ബാക്ടീരിയകളുടെ വലിയ ശേഖരമാണ് മനുഷ്യവിസര്‍ജ്ജ്യം. മദ്യപാനം മൂലം ഹെപ്പറ്റെറ്റിസ് പിടിച്ചവരുടെ കുടലുകളിലെ ആയിരക്കണക്കിന് ബാക്ടീരിയകളെ നിയന്ത്രിക്കാനും ഇതു വഴി കഴിഞ്ഞു. വിസര്‍ജ്ജ്യദാതാവിലെ ശരീരത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ രോഗിയിലെ ദോഷകാരിയായവയെ നിയന്ത്രിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരാണ് കരള്‍ രോഗം മൂലം മരിക്കുന്നത്.
ഇവരില്‍ വലിയൊരു ശതമാനവും മദ്യപാനം മൂലം രോഗം പിടിപെട്ടവരാണ്. കരള്‍ മാറ്റിവയ്ക്കലാണ് ഇവരില്‍ പലരുടെയും ജീവന്‍ നിലനിര്‍ത്താനുള്ള ഒരേ ഒരു മാര്‍ഗം. ഇത് വലിയ ചെലവേറിയ മാര്‍ഗവുമാണ്. എന്നാല്‍ വെറും ആയിരങ്ങള്‍ മാത്രം മതി പുതിയ ചികില്‍സക്ക്.ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന വയറിളക്കിന് വിസര്‍ജ്ജ്യ ചികില്‍സ നല്‍കിത്തുഴ്ിയതായി അപ്പോളോ ആശുപത്രിയിലെ ഡോ. അനുപം സിബല്‍ പറഞ്ഞു.