തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും.
അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. ട്രാന്‍സ്‌ജെന്‍ഡർ വിഭാഗത്തിൽ പെട്ട 282 പേരും പട്ടികയിലുണ്ട്.
ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്, വയനാട് എന്നീ ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.