സ്വന്തം ലേഖകൻ
ന്യൂഡൽഹി : കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ ലംഘിക്കുന്നവർക്ക് വിചിത്ര ശിക്ഷാരീതിയുമായി മധ്യപ്രദേശിലെ സത്‌ന ജില്ലാ പൊലീസ്. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി പിടിയിലാകുന്നവർ 30 45 മിനിറ്റ് നേരം ഇരുന്ന് രാമനാമം എഴുതണം എന്നതാണ് രസകരമായ ശിക്ഷ.
രാമനാമം എഴുതി കഴിഞ്ഞാൽ വീട്ടിലിരിക്കാൻ ഉപദേശവും നൽകി ആളെ വിട്ടയക്കുകയാണ് പൊലീസ്.എന്നാൽ, ഈ ശിക്ഷ ഒരു പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥൻ സ്വമേധയാ ചെയ്തതാണെന്നും പൊതുവായ രീതിയല്ലെന്നും സത്‌ന ജില്ലാ പൊലീസ് മേധാവി ധർമവീർ സിങ് വ്യക്തമാക്കി.
നിയമലംഘകരെ ഒരു മണിക്കൂർ നേരം വെറുതെ നിർത്തുകയായിരുന്നു നേരത്തെ ചെയ്തിരുന്നതെന്നും അടുത്തിടെ ലഭിച്ച ചെറുപുസ്തകങ്ങൾ വായിച്ചപ്പോൾ ലഭിച്ച അറിവു പ്രകാരം ഇവരെ വെറുതെ നിർത്താതെ രാമനാമം എഴുതിക്കാമെന്ന് മനസ്സിലായെന്നും അതിനാലാണ് ഈ ശിക്ഷാ രീതി സ്വീകരിച്ചതെന്ന് സബ് ഇൻസ്‌പെക്ടർ സന്തോഷ് സിങ് പറഞ്ഞു.
ഒപ്പം ആരെയും നിർബന്ധിച്ച് ശിക്ഷിച്ചിട്ടില്ലെന്നും മതതാൽപര്യം ഹനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസമായി നടപ്പാക്കിയ ശിക്ഷ ഇതുവരെ 25 ഓളം പേർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.